KeralaLatest

ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലമെന്ന് പിജി ഡോക്ടര്‍മാര്‍

“Manju”

ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലമെന്ന് പി.ജി ഡോക്ടര്‍മാര്‍. പ്രധാന ആവശ്യങ്ങളില്‍ ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പി.ജി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന ഉറപ്പ് ലഭിച്ചു. കോംപെന്‍സേഷന്‍ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായും പിജി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഹൗസ് സര്‍ജന്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനായി ഒരു സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തുമെന്നും അതിന് ശേഷമായിരിക്കും താലൂക്ക് ആശുപത്രികളും മെഡിക്കല്‍ കോളേജുകളിലും ഉള്‍പ്പെടെ ഹൗസ് സര്‍ജന്‍, പി.ജി വിദ്യാര്‍ത്ഥികളെ ഡ്യൂട്ടിക്ക് അനുവദിക്കൂ എന്ന് അറിയിച്ചിട്ടുണ്ട്. ഹൗസ് സര്‍ജന്‍, പി.ജി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഹെല്‍ത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായും പിജി ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles

Back to top button