
എറണാകുളം : പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് നീങ്ങുമ്പോള്‍ സൂര്യന്‍ പറഞ്ഞു.. ഞാന്‍ പോയാല്‍ ലോകത്തിന് വെളിച്ചം പകരാന്‍ ആരുണ്ട്. അപ്പോള്‍ മിന്നാമിനുങ്ങ് മറുപടി പറഞ്ഞു. അങ്ങ് പോയാല്‍ എന്നാലാവും വിധം വെട്ടം ഞാന്‍ ഈ ലോകത്തിന് കൊടുക്കാം. ഒരു മിന്നാമിനുങ്ങിന് പോലും ഈ ലോകത്ത് അതിന്റേതായ സ്ഥാനം ഉണ്ടെന്നും, ക്ഷമയും ത്യാഗവുമാര്‍ന്ന ജീവിതപാഠം പകര്‍ന്നു നല്‍കുന്നവരാകണം സന്ന്യാസിമാരെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി . ഒരുപൂവിനെ ചവിട്ടിയരയ്ക്കുമ്പോഴും അത് നമുക്ക് പകരുന്ന ഒരു സുഗന്ധമുണ്ട്, അതാണ് ക്ഷമ. അതാണ് സന്ന്യാസിയുടെ യോഗ്യതയെന്നും സ്വാമി പറഞ്ഞു. രാമകൃഷ്ണ മിഷന്റേയും ശ്രീരാമകൃഷ്ണാ മഠത്തിന്റെയും 125-ാംമത് വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സംഘടിപ്പിച്ച സന്ന്യാസസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പ്രണവാമൃതാനന്ദപുരി എന്നിവര്‍ക്കൊപ്പം വിവിധ ആശ്രമങ്ങളുടെ ചുമതലക്കാരായ നൂറോളം സന്ന്യാസിമാരും സന്ന്യാസിനിമാരും പങ്കെടുത്തു.

മെയ് 12 വെള്ളിയാഴ്ച ആരംഭിച്ച ചടങ്ങകളുടെ രണ്ടാം നാളായ ഇന്ന് പ്രമുഖ സന്ന്യാസപരമ്പയുടെ മുഖ്യാചാര്യന്മാരുടെ സംഗമത്തിലാണ് സ്വാമി പങ്കെടുത്തത്. നാളെ ഉച്ചയ്ക്ക് വിവിധ ജില്ലകളില്‍ നിന്നുള്ള യുവാക്കളുടെ യുവസംഗമം നടക്കും. ഹോക്കിതാരം പി.ആര്‍. ശ്രീജേഷ് മുഖ്യാതിഥിയായിരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, ശ്രീരാമകൃഷ്ണ മിഷന്റെ ആഗോള ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദജി മഹാരാജ് തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹീക സാംസ്കാരിക നേതാക്കളും കലാകാരന്മാരും പങ്കെടുത്തുവരുന്നു.
https://www.facebook.com