KeralaLatest

മോഹൻലാലിന്റെ പിറന്നാൾ ആഘോഷം; 5 കുട്ടികൾക്ക് സൗജന്യ ബിരുദ പഠനം

“Manju”

മോഹൻലാലിന്റെ അറുപത്തി മൂന്നാം പിറന്നാളിനോടനുബന്ധിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കോയമ്പത്തൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആർവിഎസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസുമായി സഹകരിച്ച് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. മെയ് 21-നാണ് മോഹൻലാലിന്റെ പിറന്നാൾ.

വടകരയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി നൂറിലധികം കുട്ടികളാണ് ക്ലാസുകളിൽ പങ്കെടുത്തത്. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സംഗീത അഭിരുചിയുള്ള അഞ്ച് വിദ്യാർത്ഥികൾക്ക് അടുത്ത അദ്ധ്യായന വർഷത്തിൽ കോയമ്പത്തൂരിലെ ആർവിഎസ് കോളേജിൽ സൗജന്യമായി ബിരുദ പഠനം ലഭ്യമാക്കും. കൂടാതെ പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീത പരിശീലനവും നൽകും. ഇതിന് പുറമേ അഞ്ച് കുട്ടികൾക്ക് ആയുർവേദം, ബിഫാം കോഴ്‌സുകളിൽ ഫീസ് ഇളവോട് കൂടി പ്രവേശനം നൽകാനും അവസരം ലഭിച്ചു.

വടകര മുൻസിപ്പൽ പാർക്കിൽ നടന്ന ക്ലാസ് എംഎൽഎ കെകെ രമ ഉദ്ഘാടനം നിർവഹിച്ചു. പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ ആർവിഎസ് വൈസ് പ്രിൻസിപ്പൽ ഡോ അയ്യപ്പദാസ് ക്ലാസുകൾ നിയന്ത്രിച്ചു. സുഗിത് എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സന്ദീപ് കെകെ സ്വാഗതം അറിയിച്ചു.

Related Articles

Back to top button