KeralaLatest

റാങ്ക് നേടി ഉമ്മയ്ക്ക് മകന്റെ മാതൃദിന സമ്മാനം

“Manju”
റാങ്ക് നേടി ഉമ്മയ്ക്ക് മകന്റെ മാതൃദിന സമ്മാനം

കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ച ഉമ്മക്ക് മാതൃദിനത്തില്‍ റാങ്ക് നേടി സമ്മാനമൊരുക്കി മകന്‍. തയ്യല്‍ ജോലി ചെയ്തു തന്നെ പഠിപ്പിച്ച ഉമ്മയ്ക്ക് എയിംസ് എംഡി പ്രവേശന പരീക്ഷയില്‍ മുപ്പത്തിയാറാം റാങ്ക് നേടിയെടുത്താണ് മകന്‍ മാതൃദിന സമ്മാനം നല്‍കിയത്.

തൃപ്രങ്ങോട് പഞ്ചായത്ത് അംഗം കൂടിയായ ആനപ്പടി സ്വദേശി ഹലീമയുടെ മകന്‍ ഹബീബ് നൗഫലാണ് റാങ്ക് ജേതാവ്. കുട്ടിക്കാലം മുതല്‍ ഡോക്ടറാകണമെന്നായിരുന്നു ഹബീബിന്റെ ആഗ്രഹം.

മകന്റെ ആഗ്രഹം ഹലീമ തന്റെ സ്വപ്നമായാണ് കണ്ടത്. തുടര്‍ന്ന് മകന് വേണ്ടി അവര്‍ കൂടുതല്‍ അധ്വാനിക്കുകയായിരുന്നു. അമ്മാവന്‍ മുഹമ്മദ്കുട്ടിയും അവര്‍ക്ക് പിന്തുണയുമായി എത്തി. കുടുംബത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം ആനപ്പടി ഗ്രാമവും പ്രാര്‍ത്ഥനയോടെ കൂടെ നിന്നു. പത്താം ക്ലാസിലും പ്ലസ്ടുവിലും ഉയര്‍ന്ന മാര്‍ക്കു നേടിയ ഹബീബിന് എംബിബിഎസ് പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചു.

എംഡിക്കു ചേരാനുള്ള കഠിന പ്രയത്നത്തിലായിരുന്നു തുടര്‍ന്ന് ഹബീബ്. അതിനായി കഠിനപ്രയത്നം നടത്തി. ഫലം വന്നപ്പോള്‍ സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും മികച്ച മാര്‍ക്കോടെ പ്രവേശനവും ലഭിച്ചു. ഇനി ഡല്‍ഹി എയിംസില്‍ റേഡിയോ ഡയഗ്‌നോസിസിനു ചേരണമെന്നും തുടര്‍ന്ന് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിയില്‍ ഫെലോഷിപ്പും എടുക്കണം എന്നുമാണ് ഹബീബിന്റെ ആഗ്രഹം. തന്റെ മകന്‍ ഒരു ജനകീയനായ ഡോക്ടറാകണമെന്ന ആഗ്രഹമാണ് ഹലീമയ്ക്കുള്ളത്. ഈ നേട്ടങ്ങള്‍ക്കെല്ലാം ആരോടാണ് നന്ദി പറയേണ്ടതെന്ന ചോദ്യത്തിന് ന്റെ ഉമ്മാനോട്എന്ന ഒറ്റ ഉത്തരം മാത്രമാണ് ഹബീബിനുള്ളത്.

 

Related Articles

Back to top button