IndiaLatest

ജനനവും മരണവും വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കും

“Manju”

ന്യൂഡല്‍ഹി: ജനന മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഉടൻ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രാര്‍ ജനറല്‍ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസായ ജനഗണ ഭവൻഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൗരന്മാരുടെ രജിസ്റ്റര്‍, വോട്ടര്‍ പട്ടിക, ഗുണഭോക്തൃ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്ന ആളുകളുടെ പട്ടിക എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് ജനന മരണ രജിസ്ട്രേഷൻ പ്രധാനമാണെന്ന് അമിത് ഷാ പറഞ്ഞു. ജനന മരണ സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ പ്രത്യേക രീതിയില്‍ സൂക്ഷിച്ച്‌ വച്ചാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ വിഭാവനം ചെയ്യാൻ കഴിയും.

ജനന മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് 18 വയസാകുമ്പോള്‍ അയാളുടെ പേര് സ്വയമേ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെടും. അതുപോലെ തന്നെ വ്യക്തി മരണപ്പെട്ട വിവരം ഇലക്ഷൻ കമ്മീഷന് ലഭിക്കുകയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുകയും ചെയ്യുന്നു.

ഡിജിറ്റലും കൃത്യവുമായ സെൻസസ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ വ്യത്യസ്ത തലങ്ങളില്‍ നേട്ടമുണ്ടാകാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സെൻസസ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുമ്പോള്‍ ദരിദ്രരിലേയ്ക്കും വികസന പദ്ധതികള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയുമെന്നും അമിത് ഷാ വ്യക്തമാക്കി. മുൻകാല സെൻസസുകള്‍ ഉപയോഗിച്ച്‌ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാൻ കഴിയില്ലെന്നും അതില്‍ ആവശ്യമായ ഡാറ്റകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനഗണ ഭവൻ ഉദ്ഘാടനത്തിനൊപ്പം ജനനവും മരണവും രജിസ്റ്റര്‍ ചെയ്യാനുള്ള വെബ് പോ‌ര്‍ട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു. അടുത്ത സെൻസസ് ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ മറ്റെവിടെയെങ്കിലും നിന്ന് സര്‍വേ നടത്താൻ ശ്രമിച്ചാലോ ഏതെങ്കിലും ഉദ്യോഗസ്ഥൻ അഴിമതി കാണിച്ചാലോ ഈ സംവിധാനം ദേശീയസംസ്ഥാന തലങ്ങളില്‍ അലേര്‍ട്ടുകള്‍ അയയ്ക്കും.

Related Articles

Back to top button