KeralaLatest

കേരളത്തില്‍ ആദ്യമായി ഒരു ക്ഷേത്രം യന്ത്രസഹായത്തോടെ ഉയര്‍ത്തി സ്ഥാപിക്കുന്നു

“Manju”

ആലപ്പുഴ: കേരളത്തില്‍ ആദ്യമായി ഒരു ക്ഷേത്രം യന്ത്രസഹായത്തോടെ ഉയര്‍ത്തി സ്ഥാപിക്കുന്നു. കുട്ടനാട്ടിലെ മങ്കൊമ്ബ് ശ്രീ ഭഗവതീ ക്ഷേത്ര സമുച്ചയമാണ് ഉയര്‍ത്തി സ്ഥാപിക്കുന്നത്.
വെള്ളപ്പൊക്കം കൊണ്ടുള്ള പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുവാനാണ് ക്ഷേത്രം ഉയര്‍ത്തുന്നത്. ശ്രീകോവില്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ ആറടിയോളമാണ് ഉയര്‍ത്തുന്നത്. നാട്ടുകാരുടെയും ക്ഷേത്രഭരണസമിതിയുടെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മങ്കൊമ്ബ് ഭഗവതീ ക്ഷേത്രത്തിന് ആയിരം വര്‍ഷത്തോളം പഴക്കമുണ്ട്. പകല്‍ സമയങ്ങളില്‍ ആറാട്ട് നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. ക്ഷേത്രത്തിന്റെ ആചാരാനുഷ്ടാനങ്ങള്‍ പ്രസിദ്ധമാണ്. ചൂട്ട് പടയണി, ഗരുഡൻ തൂക്കം തുടങ്ങിയ ആചാരങ്ങള്‍ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്. 2018- ലെ പ്രളയത്തിന് ശേഷം വര്‍ഷത്തില്‍ പല തവണയാണ് ക്ഷേത്രത്തിനുള്ളില്‍ വെള്ളം കയറിയത്. ചിലസമയങ്ങളില്‍ മാസങ്ങളോളം ക്ഷേത്രത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. നിലവിലുള്ള ക്ഷേത്രത്തിന് ഒരുമാറ്റവും വരുത്താതെയാണ് ക്ഷേത്രം ഉയര്‍ത്തുന്നത്.
ജാക്കികള്‍ ഉപയോഗിച്ച്‌ അടിത്തട്ട് മുതല്‍ ഉയര്‍ത്തി പുതിയ ഫൗണ്ടേഷൻ നിര്‍മ്മിക്കും. എട്ട് ടണ്ണോളം ഭാരം വഹിക്കാൻ ശേഷിയുള്ള നാന്നൂറ് ജാക്കികളാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് അടിത്തറ നിര്‍മ്മിച്ചശേഷം ഉയര്‍ത്തിയ ചുറ്റമ്ബലം അതില്‍ ഉറപ്പിക്കും. തുടര്‍ന്ന് കൃഷ്ണശിലയിലായിരിക്കും പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. മൂന്ന് ഘട്ടങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം. ചുറ്റമ്ബലം, ശ്രീ കോവില്‍, നമസ്‌ക്കാരമണ്ഡപം, എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തുക. രണ്ടാം ഘട്ടത്തില്‍ തിരുമുറ്റവും ചമയങ്ങളും ഉയര്‍ത്തും. ബാക്കിയുള്ളവ മൂന്നാം ഘട്ടത്തിലായിരിക്കും നവീകരിക്കുക.

Related Articles

Back to top button