KeralaLatest

കാഴ്ച പരിമിതിയെ ഇച്ഛാശക്തികൊണ്ട് തോൽപിച്ച് ശ്രീക്കുട്ടൻ

“Manju”

മുണ്ടൂർ: കാഴ്ച പരിമിതിയെ ഇച്ഛാശക്തി കൊണ്ടു തോൽപിച്ച ശ്രീക്കുട്ടന് പ്ലസ്ടു പരീക്ഷയിലും മിന്നും ജയം. ജന്മനാ ഇരു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട ശ്രീക്കുട്ടൻ നാമ്പുള്ളിപ്പുര ശിവദാസ്-സുപ്രിയ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ്.
പഠനത്തിൽ മാത്രമല്ല കലാരംഗത്തും ശ്രീക്കുട്ടൻ ശ്രദ്ധേയനാണ്. പുഞ്ചിരി ക്രിയേഷൻസിന്റെ ബാനറിൽ സമദ് സംവിധാനം ചെയ്ത അകക്കണ്ണ് ഡോക്യൂമെന്ററിയിലൂടെ കവി എടപ്പാൾ സുബ്രഹ്മണ്യന്റെ ‘നേരമില്ലുണ്ണിക്ക് നേരമില്ല’ എന്ന കവിത ആലപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായ ശ്രീക്കുട്ടൻ പിന്നീട് ധാരാളം ചാനൽ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
ഗായിക കെ.എസ് ചിത്രക്ക് മുമ്പിലും കവിത ചൊല്ലി കയ്യടി വാങ്ങിയിട്ടുണ്ട് ഈ മിടുക്കൻ. പല പ്രമുഖരിൽ നിന്നും ശ്രീക്കൂട്ടന് അനുമോദനങ്ങൾ കിട്ടിയിട്ടുണ്ട്. എഴുത്തും വായനയും പഠന പരിശീലനവും ബ്രയിൽ ലിപി ഉപയോഗിച്ചാണെങ്കിലും മുണ്ടൂർ ഹയർ സെക്കന്ററി സ്കൂളിൽ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ചാണ് പരീക്ഷ എഴുതിയത്. കാഴ്ചയുടെ പരിമിതിയൊന്നും വകവെക്കാതെ മൊബൈൽഫോൺ ഉപയോഗിക്കുകയും സൈക്കിൾ ചവിട്ടുകയും ചെയ്യും.
പാട്ടും സംഗീതവും വശമുള്ള ശ്രീക്കുട്ടൻ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സിവിൽ സർവീസാണ് ശ്രീക്കുട്ടന്റെ സ്വപ്നം. കൂട്ടായി എന്തിനും അമ്മ കൂടെയുണ്ട്.

Related Articles

Back to top button