KeralaLatest

എടിഎം തകര്‍ക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

“Manju”

ശ്രീജ.എസ്

കാളിയാര്‍: വണ്ണപ്പുറം എബിഐ ശാഖയുടെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ 2 പേരെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചീങ്കല്‍സിറ്റി കൂവപ്പുറം കടുവാക്കുഴിയില്‍ കെ.എന്‍ സുരേഷ്(കടുവ- 49), വണ്ണപ്പുറം ടൗണിന് സമീപം വാടകക്ക് താമസിക്കുന്ന ആലുവ അശോകപുരം കാളിപറമ്പില്‍ അജോയ് ജോസഫ്(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഹൈറേഞ്ച് ജംങ്ഷന് സമീപമുള്ള എടിഎമ്മില്‍ ഞായറാഴ്ച്ച രാത്രിയാണ് കവര്‍ച്ച ശ്രമം നടന്നത്. രാവിലെ പണം പിന്‍വലിക്കാന്‍ എത്തിയ ആളാണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്, ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എഎസ്‌ഐ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പെട്രോളിങ് നടത്തുന്നതിനിടെ അജോയ് പോലീസ് വാഹനം കണ്ട് ഓടി. ഇയാളെ പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ അജോയ്, സുരേഷ് എന്നിവരെ വണ്ണപ്പുറം ടൗണിലെ ഒരു കെട്ടിടത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കവര്‍ച്ചക്കാര്‍ മുഖം മൂടി ധരിച്ചിരുന്നതായി സിസിടി ദൃശ്യത്തില്‍ കണ്ടിരുന്നു. എടിഎമ്മില്‍ നിന്ന് കമ്പിയും ടൂത്ത് പേസ്റ്റ് കവറും പോലീസ് കണ്ടെടുത്തിരുന്നു. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച്‌ എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറ മറച്ചിരുന്നു. എടിഎമ്മിന്റെ പൂട്ട് തകര്‍ത്തെങ്കിലും പണം നഷ്ടപ്പെട്ടില്ല. ഇടുക്കിയില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവ് ശേഖരിച്ചിരുന്നു. കാളിയാര്‍ സിഐ ബി. പങ്കജാക്ഷന്‍, എസ്‌ഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം.

Related Articles

Back to top button