IndiaLatest

മൃതദേഹങ്ങള്‍ക്കിടയില്‍ പിതാവ് കണ്ടത് മകന്റെ സ്പന്ദിക്കുന്ന ശരീരം

“Manju”

ഒഡീഷയിലെ ട്രെയിൻ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ മകന് ജീവനുണ്ട് എന്ന് പിതാവ് കണ്ടെത്തി. ബാലസോര്‍ ദുരന്തത്തില്‍ അധികൃതരുടെ കടുത്ത അനാസ്ഥയുടെ ജീവിക്കുന്ന ഉദാഹരണമായ ബിശ്വജിത്ത് മാലിക് എന്ന 24കാരനാണ് 230 കിലോമീറ്റര്‍ താണ്ടിയെത്തിയ പിതാവിന്റെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.

മരിച്ചുവെന്ന് ഉറപ്പിച്ച്‌ ബാലസോറിലെ ഹൈസ്കൂള്‍ മുറിയില്‍ കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് സ്വന്തം പിതാവ് ഹേലാറാം മാലിക്കാണ് ഈ യുവാവിനെ ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായ ബിശ്വജിത്ത് അപകടനില തരണം ചെയ്തിട്ടില്ല.

മകൻ ട്രെയിൻ കയറി മണിക്കൂറുകള്‍ക്കകം ദുരന്തവാര്‍ത്ത ഹേലാറാം അറിഞ്ഞു. ഉടൻ മകനെ ഫോണ്‍വിളിച്ചു. മറുതലക്കല്‍ ഒരു ഞരക്കം മാത്രമായിരുന്നു ഉത്തരം. മകന് അപകടം പറ്റി എന്ന് മനസ്സിലാക്കിയ അദ്ദേഹം രണ്ടാമതൊന്ന് ആലോചിക്കാതെ ഉടൻ തന്നെ നാട്ടിലെ ആംബുലൻസ് ഡ്രൈവറായ പലാഷ് പണ്ഡിറ്റിനെ വിളിച്ചു. ഭാര്യാസഹോദരൻ ദീപക് ദാസിനെയും കൂട്ടി രാത്രി തന്നെ അപകട സ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു.

230 കിലോമീറ്ററിലധികം ആംബുലൻസില്‍ യാത്ര ചെയ്ത് ബാലസോറിലെത്തിയ അദ്ദേഹം ആശുപത്രികളായ ആശുപത്രികളിലൊക്കെ മകനെ തിരഞ്ഞ് കയറിയിറങ്ങി. നിരാശയായിരുന്നു ഫലം. എവിടെയും മകനെ കണ്ടെത്താനായില്ല. അവൻ മരിച്ചെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന്റെ മനസ്സ് സമ്മതിച്ചിരുന്നില്ല. ഒടുവില്‍ അദ്ദേഹം മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നും മകനെ കണ്ടെത്തുകയായിരുന്നു.

ഹൗറയില്‍ കട നടത്തുകയാണ് ബിശ്വജിത്തിന്റെ പിതാവ് ഹേലാറാം. അപകടദിവസമായ വെള്ളിയാഴ്ച കോറമാണ്ഡല്‍ എക്സ്പ്രസില്‍ യാത്രപോകാൻ ഇദ്ദേഹമാണ് മകനെ ഷാലിമാര്‍ സ്റ്റേഷനില്‍ കൊണ്ടുവിട്ടത്.

Related Articles

Back to top button