IndiaLatest

ബിപോര്‍ജോയ്: ഗുജറാത്തില്‍ ജാഗ്രത, മുംബൈയില്‍ വിമാനങ്ങള്‍ റദ്ദാക്കി

“Manju”

മുംബെെ: അറബിക്കടലിൽ രൂപപ്പെട്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് അതീതീവ്രമായതോടെ ഗുജറാത്തിൽ ജാഗ്രതാനിർദേശം. കാറ്റ് ശക്തമായതോടെ മുംബെെ വിമാനത്താവളത്തിലെ 09/27 റൺവേ താത്ക്കാലികമായി അടച്ചു. ഇതോടെ മുംബെെ കേന്ദ്രീകരിച്ചുള്ള നിരവധി വിമാനസർവീസുകൾ വെെകുന്നതായും ചിലത് റദ്ദാക്കിയതായും വിമാന കമ്പനികൾ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗംവിളിച്ചിട്ടുണ്ട്.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായാണ് വിവരം. വിമാനങ്ങൾ വൈകിയതോടെ യാത്രക്കാരില്‍ പലരും അധികൃതരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടർന്ന് നിയന്ത്രണാതീതമായ സാഹചര്യങ്ങള്‍ ഉണ്ടായതിനാലാണ് ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരായതെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. തടസ്സങ്ങളിൽ പരിഹാരമുണ്ടാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും അവർ ട്വിറ്ററിലൂടെ അറിയിച്ചു.

ബിപോര്‍ജോയ് തീവ്രമായതിന്റെ ഫലമായുണ്ടാകുന്ന ശക്തമായ കാറ്റാണ് മുംബൈ വിമാനത്താവളത്തിൽ സര്‍വീസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റു തീരപ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകളാണ് അടിച്ചുകയറുന്നത്. അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര പ്രദേശത്തേക്ക്‌ നീങ്ങുന്നതായാണ് വിവരം. 15-ന് ഗുജറാത്തിലെ മാണ്ഡ്‌വിക്കും പാകിസ്താനിലെ കറാച്ചിക്കുമിടയിൽ 150 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് കരയിൽ കടക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Related Articles

Back to top button