KeralaLatest

യുവാക്കളുടെ സേവനം സമൂഹത്തിന് അനിവാര്യം

“Manju”

യുവജനങ്ങള്‍ക്ക് സമഗ്ര പരിശീലനം ലഭിച്ചാല്‍ ദുരിത മേഖലയില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുമെന്നും ഇങ്ങനെയാണ് യുവാക്കള്‍ നാടിന്റെ നട്ടെല്ലായി മാറുന്നതെന്നും തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത് മുനിസിപ്പല്‍ തല ക്യാപ്റ്റന്‍ മാരുടെ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയം കൊവിഡ് നിപ ഘട്ടങ്ങളിലൊക്കെ യുവാക്കളുടെ ശക്തമായ സാന്നിധ്യം സമൂഹം തിരിച്ചറിഞ്ഞതാണ്. അസാധ്യമെന്നത് സാധ്യമാക്കാനാവുമെന്ന് വിവിധ പ്രവര്‍ത്തനപഥത്തിലൂടെ സംസ്ഥാനത്തെ യുവജനത തെളിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.

ദുരന്ത നിവാരണം, മറ്റ് ദുരിത മേഖലകള്‍ എന്നിവിടങ്ങളില്‍ യുവജനശക്തി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനു കീഴില്‍ ജില്ലാതലത്തില്‍ രൂപീകരിച്ച വളണ്ടിയര്‍ സേനയാണ് കേരള വളണ്ടിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് / മുനിസിപ്പല്‍ തലങ്ങളില്‍ ഉറപ്പു വരുത്തുന്നതിലേക്കായി രൂപീകരിക്കുന്ന വളണ്ടിയര്‍ സേനയുടെ ക്യാപ്റ്റന്‍മാര്‍ക്ക് ജില്ലാ തലങ്ങളില്‍ പരിശീലനം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ബേക്കലില്‍ രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വളണ്ടിയര്‍മാര്‍ക്ക് വിവിധ മേഖലകളിലെ വിദഗ്ധര്‍ രണ്ട് ദിവസം ക്ലാസെടുക്കും. 38 പഞ്ചായത്തിലെയും മൂന്ന് മുനിസിപ്പാലിറ്റിയിലെയും 41 ക്യാപ്റ്റന്‍മാര്‍ക്കാണ് പരിശീലനം.

സി.എച്ച്‌ കുഞ്ഞമ്പു എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ദിപു പ്രേംനാഥ് പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍, കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പി എം സാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ് സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി സി ഷിലാസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button