IndiaLatest

സ്വര്‍ണപ്പണയ വായ്പ: പുതിയ നിയന്ത്രണങ്ങള്‍

“Manju”

സ്വര്‍ണപ്പണയം സ്വീകരിക്കുന്ന ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങള്‍. ലോണ്‍ എടുത്ത വ്യക്തി മരിക്കുകയാണെങ്കില്‍ കുടിശികയായി വരുന്ന കടം തീര്‍പ്പാക്കല്‍, സ്വര്‍ണം ലേലത്തില്‍ വെച്ച്‌ മിച്ചം വരുന്ന തുക തിരികെ നല്‍കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ആര്‍ബിഐ ഉടൻ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നിബന്ധനകളും വ്യവസ്ഥകളും പ്രാദേശിക ഭാഷയില്‍ തന്നെ ഇടപാടുകാരെ പറഞ്ഞ് ധരിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തും. ബിപി കനുങ്കോ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ബാങ്ക് പുതിയ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്. ഉപഭോക്താക്കളുടെ ത്ാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സ്ഥിരതയുള്ള നയം ഉറപ്പാക്കുകയാണ് നിര്‍ദ്ദേശങ്ങളിലൂടെ ആര്‍ബിഐ ലക്ഷ്യം വെയ്‌ക്കുന്നത്. ഈ കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുൻ ഡെപ്യൂട്ടി ഗവര്‍ണര്‍ ബിപി കനുങ്കോ ഇത്തരം സ്ഥാപനങ്ങളില്‍ ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശുപാര്‍ശകള്‍ ആര്‍ബിഐയ്‌ക്ക് മുൻപാകെ സമര്‍പ്പിച്ചത്.

സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ പ്രധാന നിര്‍ദ്ദേശം സ്വര്‍ണ വായ്പാ കമ്പനികള്‍ക്കുള്ള വായ്പകളും അഡ്വാൻസുമായിരുന്നു. ഇതിന് പിന്നാലെ ജൂലൈ ഏഴിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ആര്‍ബിഐ അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു. കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ പണയം വെച്ച സ്വര്‍ണം ലേലം ചെയ്യുന്നതിന് മുൻപ് കുടിശിക തീര്‍ക്കാൻ നോമിനിക്കോ നിയമപരമായ അവകാശിക്കോ നോട്ടീസ് നല്‍കണമെന്നാണ് കനുങ്കോ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. സ്വര്‍ണം ലേലം ചെയ്യുന്നതിന് മുൻപ് അറിയിപ്പ് നടപടി ക്രമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഇതിന് വേണ്ടി ലോണുകള്‍ നല്‍കുമ്പോള്‍ തന്നെ സ്വര്‍ണ വായ്പാ കമ്പനികള്‍ നോമിനികളുടെ പേരും രജിസ്റ്റര്‍ ചെയ്യണം.

അവസാന ഘട്ടത്തില്‍ മാത്രമായിരിക്കണം സ്വര്‍ണം ലേലം ചെയ്യേണ്ടത്. കൂടാതെ രണ്ട് കോണ്‍ടാക്‌ട് നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. കടം വാങ്ങുന്നയാള്‍ക്കും നോമിനിക്കും ലേല അറിയിപ്പ് നല്‍കുന്നതിനായി ടെലിഫോണ്‍, ഇമെയില്‍ തുടങ്ങിയ രേഖകളും സ്വീകരിക്കണം. കൃത്യമായ മേല്‍വിലാസം നല്‍കിയിരിക്കുന്ന വ്യക്തിയാണെങ്കില്‍ നേരിട്ട് ആളെ വിട്ട് അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Related Articles

Back to top button