IndiaLatest

ഭീകര‌ര്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങളെ തടയണം

“Manju”

ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനത്തെ ചെറുക്കുന്നതില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കാൻ മടിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാംങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്റെ (എസ്‌.സി.ഒ) വെര്‍ച്വല്‍ ഉച്ചകോടിയില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും സന്നിഹിതരായിരുന്നു.

പ്രാദേശിക, ആഗോള സമാധാനത്തിന് ഭീകരവാദം ഭീഷണിയാണ്. ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരത നയമാക്കി ഭീകരര്‍ക്ക് അഭയം നല്‍കുന്നു. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാൻ എസ്‌.സി.ഒ മടിക്കേണ്ടതില്ല. ഭീകരതയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല. ഭീകരത പല രൂപത്തിലുണ്ട്. ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയണം. ഇതിന് എസ്.സി.ഒ രാജ്യങ്ങളുടെ സഹകരണം അനിവാര്യമാണ് – പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം മറ്റ് രാജ്യങ്ങളുടെ സുരക്ഷയെയും സ്വാധീനിച്ചിട്ടുണ്ട്. അഫ്ഗാൻ ജനതയുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി ശ്രമിക്കണം. അയല്‍ രാജ്യങ്ങളില്‍ അശാന്തിയും ഭീകരതയും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവര്‍ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുന്നത് തടയണം. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി വെല്ലുവിളിയാണ്. അതിനെയും ഒറ്റക്കെട്ടായി നേരിടണം.
സമാധാനം, സമൃദ്ധി, വികസനം എന്നിവയ്‌ക്കുള്ള യൂറേഷ്യയിലെ പ്രധാന കൂട്ടായ്‌മയാണ് എസ്‌.സി.ഒ. യൂറേഷ്യയും ഇന്ത്യയുമായി ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്‌കാരിക ബന്ധമുണ്ട്. ഇന്ത്യ അദ്ധ്യക്ഷത വഹിച്ച കാലത്ത് എസ്.സി.ഒാ സ്റ്റാര്‍ട്ടപ്പ്, ഇന്നൊവേഷൻ, പരമ്പരാഗത വൈദ്യശാസ്ത്രം, യുവജന ശാക്തീകരണം, ഡിജിറ്റലൈസേഷൻ, ബുദ്ധമത പൈതൃകം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കിയെന്നും മോദി ചൂണ്ടിക്കാട്ടി.
എസ്.സി.ഒയിലെ ഇറാന്റെ അംഗത്വത്തിന് ഉച്ചകോടി അംഗീകാരം നല്‍കിയെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.

2024-ല്‍ ബെലാറൂസ് പൂര്‍ണ അംഗമാകും. വിഘടനവാദവും ഭീകരതയും ചെറുക്കാൻ സഹകരണം, ഊര്‍ജ്ജിതമാക്കാനുള്ള ന്യൂഡല്‍ഹി പ്രഖ്യാപനത്തിന് ഉച്ചകോടി അംഗീകാരം നല്‍കി. കസാക്കിസ്ഥാൻ, കിര്‍ഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു.

Related Articles

Back to top button