KeralaLatest

അരിക്കൊമ്പന് വേണ്ടി ഹര്‍ജി ;പിഴയിട്ട് സുപ്രീംകോടതി

“Manju”

അരിക്കൊമ്പന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ മൃഗസ്‌നേഹികള്‍ക്കാണ് സുപ്രീംകോടതി പിഴയിട്ടത്. ഇവര്‍ 25,000 രൂപ അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പൊറുതിമുട്ടുകയാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓരോ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുകയാണ്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പന് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അരിക്കൊമ്പന്‍ ജീവനോടെ ഉണ്ടോ എന്ന് പോലും വ്യക്തമല്ലെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിനോട് ഇക്കാര്യം വ്യക്തമാക്കാന്‍ നിര്‍ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന എപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ആന ഇപ്പോള്‍ എവിടെയെന്ന് അറിയില്ല. അതിനാല്‍ ഹര്‍ജി മദ്രാസ് ഹൈക്കോടതിയിലാണോ, കേരള ഹൈക്കോടതിയിലാണോ ഫയല്‍ ചെയ്യേണ്ടതെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍ ആന എവിടെയെന്ന് മനസിലാക്കി ഹര്‍ജിയെവിടെ ഫയല്‍ ചെയ്യണമെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി പറഞ്ഞു. തുടര്‍ന്ന് സംഘടന തങ്ങളുടെ ഹര്‍ജി പിന്‍വലിച്ചു. ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകന്‍ വിമര്‍ശിച്ചതാണ് പിഴയ്ക്ക് കാരണമായത്.

Related Articles

Back to top button