KeralaLatest

ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു

“Manju”

കൊല്ലം; സിനിമാ നിർമാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ (അച്ചാണി രവി– 90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം. 1967 ൽ ആരംഭിച്ച ജനറൽ പിക്ചേഴ്സ് നിർമിച്ച മലയാള സിനിമകൾ ഏറെ പ്രശസ്തങ്ങളാണ്.

കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ എന്നീ അരവിന്ദൻ സിനിമകളുടെയും എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ എന്നീ അടൂർ ചിത്രങ്ങളുടെയും നിർമാണം നിർവഹിച്ചു. ആകെ നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ– സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം നൽകി കേരളം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പബ്ലിക് ലൈബ്രറി, സോപാനം കലാകേന്ദ്രം, ചിൽഡ്രൻസ് ലൈബ്രറി, ആർട് ഗാലറി, ബാലഭവൻ കെട്ടിടം, ജില്ലാ ആശുപത്രി തുടങ്ങി ഒട്ടേറെ സംരംഭങ്ങളുടെ പിന്നിൽ പ്രവർത്തിച്ചു. വജയലക്ഷ്മി കാഷ്യൂ കമ്പനിയുടെ പേരിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി 115 ഫാക്ടറികൾ ആരംഭിച്ച അദ്ദേഹം അരലക്ഷത്തോളം തൊഴിലാളികൾക്കു ജോലി നൽകി.

ഗായികയായിരുന്ന പരേതയായ ഉഷ രവി ആണ് ഭാര്യ. പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ, എന്നിവരാണു മക്കൾ. മരുമക്കൾ: രാജശ്രീ, സതീഷ് നായർ, പ്രിയ.

Related Articles

Back to top button