KeralaLatest

398 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ ‍

“Manju”

കൊച്ചി: വീടില്ലാതെ ചേരിയില്‍ കഴിഞ്ഞ 398 കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു. ആറുമാസം കഴിയുമ്പോള്‍ ഇവര്‍ക്ക് ഫ്ലാറ്റുകള്‍ സ്വന്തമാവും. ഓരോ ഫ്ലാറ്റിലും രണ്ട് മുറി, ഹാള്‍, അടുക്കള, ബാല്‍ക്കണി. ആകെ 320 ചതുരശ്ര അടി. ഫോര്‍ട്ട് കൊച്ചി തുരുത്തി കോളനിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ കൊച്ചി കോര്‍പ്പറേഷൻ നടപ്പാക്കുന്നത് രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതി. ചേരികള്‍ ഇല്ലാതാക്കാൻ യു.പി.എ ഭരണകാലത്ത് നടപ്പാക്കിയ രാജീവ് ആവാസ് യോജന പ്രകാരമാണിത്.

പന്ത്രണ്ട് നിലകളില്‍ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഉയരുന്നത്. 2017ല്‍ പണി തുടങ്ങിയ ആദ്യ സമുച്ചയം മിക്കവാറും പൂര്‍ത്തിയായി. വൈദ്യുതീകരണം നടക്കുകയാണ്. എറണാകുളം സിഡ്‌കോ അസോസിയേറ്റ്‌സാണ് നിര്‍മ്മാണം. ചെലവ് 36 കോടി. കൊച്ചി സ്‌മാര്‍ട്ട് മിഷൻ ലിമിറ്റഡ് നിര്‍മ്മിക്കുന്ന രണ്ടാം സമുച്ചയത്തിന്റെ ഏഴ് നിലകള്‍ പൂര്‍ത്തിയായി. 46 കോടിയാണ് കരാര്‍ തുക.

താഴത്തെ നില വാടകയ്‌ക്ക് നല്‍കും. ഈ വരുമാനം ഭാവിയില്‍ കെട്ടിടത്തിന്റെ പരിപാലനത്തിനാണ്. 2013ലാണ് പദ്ധതിക്കായി സര്‍വേ ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ലക്ഷ്യമിട്ട പദ്ധതി ആദ്യം നടപ്പാകുന്നത് കൊച്ചിയിലാണ്.

1200ലേറെ കുടുംബങ്ങള്‍ ഫ്ളാറ്റിന് അപേക്ഷിച്ചു. അര്‍ഹര്‍ 799 പേരായിരുന്നു. ഇതില്‍ വീടില്ലാത്ത 398 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ഫ്ലാറ്റ് നല്‍കുന്നത്. ബാക്കിയുള്ളവരുടെ വീടുകള്‍ പുനരുദ്ധാരണം വേണ്ടതാണ്. ചേരിയിലുള്ളവര്‍ ഫ്ളാറ്റുകളിലേക്ക് മാറുമ്പോള്‍ ആ സ്ഥലം കോര്‍പ്പറേഷൻ ഏറ്റെടുക്കും. സ്വപ്‌ന പദ്ധതിയാണ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നത്.

Related Articles

Back to top button