തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട കാമുകിയെ വീട്ടുകാരറിയാതെ കടത്തിക്കൊണ്ടുപോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് പെണ്‍കുട്ടി ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. കോലിയക്കോട് പൂലന്തറയില് ഇന്നുപുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനത്തിന് പൊലീസ് എത്തിയതോടെയാണ് സിനിമാ സ്റ്റൈല്‍ ഒളിച്ചോട്ടത്തിന്റെ വിവരം പുറത്തറിഞ്ഞത്.
സംഭവം ഇങ്ങനെ: കാഞ്ഞിരപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിയും വിഴിഞ്ഞം സ്വദേശിയായ ഷമീര്‍ എന്ന ഇരുപത്തിനാലുകാരനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഓണ്‍ലൈനിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ഷമീറുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉള്ളവിവരം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ആലോചിക്കാം എന്നാണ് രക്ഷിതാക്കള്‍ പെണ്കുട്ടിയാേട് പറഞ്ഞത്. ഇതോടെയാണ് പെണ്‍കുട്ടിയെ വിളിച്ചിറക്കി കടത്തിക്കൊണ്ടുപോകാന്‍ ഷമീറും ബന്ധുക്കളായ ചിലരും ചേര്‍ന്ന് തീരുമാനിച്ചത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ കാമുകിയുമായി വിഴിഞ്ഞത്തേക്ക് വരുന്നതിനിടെയായിയിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകട കാരമെന്നാണ് പൊലീസ് പറയുന്നത്. ഹക്കീം (24), സുബൈദ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. വാഹനത്തില്‍ പെണ്‍കുട്ടിയെ കണ്ട പൊലീസ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് പെണ്‍കുട്ടി വീട്ടിലില്ലെന്ന വിവരം വീട്ടുകാരും അറിയുന്നത്. തുടര്‍ന്ന് ഒളിച്ചോട്ടവിവരവും പൊലീസറിഞ്ഞു.