KeralaLatest

വയലാർ രാമവർമ്മ സാംസ്കാരികോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം

“Manju”
വയലാര്‍ രാമവര്‍മ്മ സാംസ്കാരികവേദിയുടെ പതിനഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഭാരത് ഭവനില്‍ ആരംഭിച്ച സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കുന്നു

തിരുവനന്തപുരം:വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ പതിനഞ്ചാമത് വാർഷികത്തിനും സാംസ്കാരികോത്സത്തിനും അനന്തപുരിയിലെ ഭാരത് ഭവനിൽ പ്രഡോജ്ജ്വല തുടക്കം. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ പതാക ഉയർത്തി. മുൻമേയർ അഡ്വ. കെ. ചന്ദ്രിക വയലാർ സ്മൃതിമണ്ഡപത്തിൽ പുഷ്പാര്‍ച്ചന നടത്തി. ദേവാംഗന തിരുവാതിരസംഘം അവതരിപ്പിച്ച തിരുവാതിരക്കളിയോടെ കലാവിരുന്നിന് തുടക്കമായി. ആഗസ്റ്റ് 6 വരെ ഭാരത് ഭവനിലെ രണ്ട് വേദികളിലും, സ്വാതി തിരുനാൾ സംഗീത കോളേജ്, ചിത്തരഞ്ജൻ ഹാൾ എന്നീ വേദികളിലുമായി നടക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിര്‍വഹിച്ചു. വാക്കുകള്‍ വിവാദം സൃഷ്ടിക്കുന്ന കാലത്ത് വരികള്‍ കൊണ്ട് വിസ്മയം തീര്‍ത്ത മരണമില്ലാത്ത പ്രതിഭയാണ് വയലാറെന്ന് മന്ത്രി പറഞ്ഞു. കലാപരിപാടികളുടെ ഉദ്ഘാടനം സൂര്യ കൃഷ്ണമൂർത്തി നിർവഹിച്ചു. വയലാർ രാമവർമ്മ സാംസ്കാരിക വേദി ഡോ. ജി.രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരത് ഭവൻ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂർ വയലാറിന്റെ സർഗ്ഗാത്മകതയെ ഓർമ്മിപ്പിച്ചു. മുൻ മന്ത്രി വി.എസ്. ശിവകുമാർ, അഡ്വ. ആർ.എസ്.വിജയമോഹൻ, വയലാർ രാമവർമ്മ സാംസ്കാരിക വേദി ജനറൽ കൺവീനർ മുക്കംപാലമൂട് രാധാകൃഷ്ണൻ, പ്രശസ്ത പിന്നണി ഗായകന്‍ രവിശങ്കര്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, കൺവീനർ ജി.വിജയകുമാർ, ഷീല എബ്രഹാം, കരമന മോഹനന്‍‍, ശ്രീവത്സന്‍ നമ്പൂതിരി, ഗോപന്‍ ശാസ്തമംഗലം എന്നിവർ പ്രസംഗിച്ചു.

ഇന്ന് ( 2023 ആഗസ്റ്റ് 3 ന്‌) പതിനഞ്ചാമത് വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നിർവ്വഹിക്കും. ബഹു.ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ മാഴ്സിലോണിയ ഓണററി കോൺസുലേറ്റായ ഡോ.കെ.ജി. പുരുഷോത്തിന് കർമ്മസേവന പുരസ്കാരം സമർപ്പിക്കും. ഓഗസ്റ്റ് 4 ന് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ വയലാർ സിനിമ സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണന് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർക്ക് സമ്മാനിക്കും.

മലയാള ചലച്ചിത്ര രംഗത്തെ സംഗീത പ്രതിഭകളായ വയലാർ, ദേവരാജൻ, പി.ഭാസ്കരൻ, എം.കെ. അർജുനൻ, പൂവച്ചൽ ഖാദർ, ഗിരീഷ് പുത്തഞ്ചേരി, സലിൽ ചൗധരി, രവീന്ദ്രൻ, ജോൺസൻ തുടങ്ങിയ മൺമറഞ്ഞ സംഗീതജ്ഞരുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ എല്ലാദിവസവും വൈകിട്ട് 5.30 ന് ഭാരത് ഭവൻ ഓപ്പൺ ഓഡിറ്റോറിയമായ മണ്ണരങ്ങിലും പ്രശസ്ത സംഗീതജ്ഞർ അവതരിപ്പിക്കുന്ന സംഗീതകച്ചേരി സ്വാതിതിരുനാൾ സംഗീത കോളേജിലും പ്രശസ്ത നർത്തകർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ ഭാരത് ഭവനിലെ ശെമ്മാൻകുടി ശ്രീനിവാസയ്യർ ഹാളിലും പ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സാഹിത്യോത്സവം ചിത്തരഞ്ജൻ മെമ്മോറിയൽ ഹാളിലുമായി നടക്കും.

Related Articles

Back to top button