InternationalLatest

കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും ;നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍

“Manju”

ഹെയ്ഗ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ച്‌ നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍. രാജ്യം സാധാരണഗതിയിലേക്ക് തിരിച്ചെത്തുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നെതര്‍ലാന്‍ഡ്‌സ് ആരോഗ്യമന്ത്രി ഏണ്‍സ്റ്റ് ക്യൂപേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യം വീണ്ടും തുറക്കുകയാണ്. ‘കഴിഞ്ഞ രണ്ട് വര്‍ഷം വൈറസിനെതിരെ സംരക്ഷണ കവചം തീര്‍ത്തുകൊണ്ട് ആരോഗ്യപരിചരണത്തിന് നാം മുന്‍തൂക്കം നല്‍കി. ഇപ്പോള്‍ മറ്റൊരു ഘട്ടത്തിലേക്ക് മാറുകയാണ്. നാം സാധാരണഗതിയിലേക്ക് മടങ്ങുന്നുവെന്ന് നെതര്‍ലാന്‍ഡ്‌സ് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 7 മുതല്‍ 13 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം മുമ്പുള്ള ആഴ്ചയേക്കാള്‍ 22 ശതമാനം കുറഞ്ഞു. ആകെ 4,82,695 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം പുതുതായി സ്ഥിരീകരിച്ച രോഗികള്‍ 1,149 ആണ്. അതിന് മുമ്പുള്ള ആഴ്ച ഇത് 1,393 ആയിരുന്നു. ധാരാളം ആളുകള്‍ക്ക് രോഗം ബാധിച്ചുവെന്നത് ശരിയാണ് എന്നാല്‍ രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയെ മറികടന്നതായും ക്യൂപേഴ്‌സ് പറഞ്ഞു.

മൂന്ന് ഘട്ടങ്ങളായാണ് രാജ്യത്തെ കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. സാധ്യമായ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. അടുത്ത വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ സ്ഥാപനങ്ങള്‍ രാത്രി 1 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഫെബ്രുവരി 25 മുതല്‍, എല്ലാ സ്ഥാപനങ്ങള്‍ക്കും താല്‍പര്യമുള്ള സമയം വരെ തുറന്നു പ്രവര്‍ത്തിക്കാം. നൈറ്റ്ക്ലബ്ബുകള്‍ തുറക്കാം. 500ല്‍ താഴെ സീറ്റിങ് കപ്പാസിറ്റിയുള്ള സ്ഥലങ്ങളില്‍ കൊറോണ എന്‍ട്രി പാസിന്റെ ആവശ്യകത നീക്കം ചെയ്യും. 1.5 മീറ്റര്‍ നിര്‍ബന്ധിത സാമൂഹിക അകലം പാലിക്കുക, സ്‌കൂളുകള്‍റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നീ നിര്‍ദേശങ്ങളും പിന്‍വലിക്കും.

എങ്കിലും, ചില നടപടികള്‍ നിലനില്‍ക്കും. 500ലധികം ആളുകള്‍ ഉള്‍ക്കൊള്ളുന്ന വേദികളില്‍ പ്രവേശിക്കുന്നതിന് കൊറോണ നെഗറ്റീവ് പരിശോധനാഫലം കാണിക്കണം. പൊതുഗതാഗതത്തിലും വിമാനത്താവളങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Related Articles

Back to top button