InternationalLatest

അണ്‍സിങ്കബിള്‍ സാം

“Manju”

മൂന്ന് കപ്പലുകൾ മുങ്ങി, പക്ഷേ അത്ഭുതകരമായി രക്ഷപ്പെട്ട പൂച്ച, ഇത് 'അണ്‍സിങ്കബിള്‍ സാം' | The Unsinkable Sam of WWII
ലണ്ടൻ : പണ്ടുകാലത്ത് കപ്പലുകളില്‍ പൂച്ചകളെ വ്യാപകമായി വളര്‍ത്തിയിരുന്നു. എലിയെ പിടിക്കലായിരുന്നു ഇക്കൂട്ടരുടെ പ്രധാന ഡ്യൂട്ടി.അത്തരത്തില്‍ കപ്പലിലെ എലിപിടിത്ത ജോലിയായിരുന്നു ഓസ്കാറിന്. കറുപ്പും വെളുപ്പും നിറത്തോട് കൂടിയ ഒരു പൂച്ചയായിരുന്നു ഓസ്കാര്‍. ഓസ്കാര്‍ എന്ന് പറഞ്ഞാല്‍ ഈ പൂച്ചയെ ആരും ഇന്ന് അറിയാനിടയില്ല. എന്നാല്‍, ‘ അണ്‍സിങ്കബിള്‍ സാം ” എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ കേട്ടിരിക്കാം. മൂന്ന് കപ്പല്‍ ദുരന്തങ്ങളെ അതിജീവിച്ചതിലൂടെയാണ് ഓസ്കാറിന് അണ്‍സിങ്കബിള്‍ സാം എന്ന ഓമനപ്പേര് ലഭിച്ചത്.
നാസി ജര്‍മ്മിനിയുടെ ക്രീഗ്സ്മറൈന്റെ യുദ്ധക്കപ്പലായിരുന്ന ബിസ്മാര്‍ക്കിലായിരുന്നു അണ്‍സിങ്കബിള്‍ സാം ആദ്യം കഴിഞ്ഞത്. 1941 മേയ് 27ന് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബിസ്മാര്‍ക്കിനെ തകര്‍ത്തു. ബിസ്മാ‌ര്‍ക്കിലെ 2,200 സൈനികരില്‍ രക്ഷപ്പെട്ടത് വെറും 118 പേരായിരുന്നു. അവര്‍ക്കൊപ്പം സാമും ഉണ്ടായിരുന്നു. കപ്പല്‍ തകര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കടലില്‍ അവശിഷ്ടങ്ങളില്‍ പറ്റിച്ചേര്‍ന്ന് ഒഴുകി നടന്ന സാമിനെ ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്‌.എം.എസ് കൊസാക്ക് രക്ഷിച്ചു.
ഈ കപ്പലിലെ നാവികരാണ് സാമിന് ‘ ഓസ്കാര്‍ ” എന്ന പേരിട്ടത്. അതിന് മുമ്ബ് സാമിന്റെ പേര് എന്തായിരുന്നെന്ന് ആര്‍ക്കുമറിയില്ല. ഏതായാലും നാസി കപ്പലില്‍ നിന്ന് എതിര്‍ ചേരിയായ ബ്രിട്ടീഷുകാരുടെ ഒപ്പം സാം കുറച്ചുനാള്‍ സുഖമായി ജീവിച്ചു. എന്നാല്‍, അഞ്ച് മാസങ്ങള്‍ക്ക് ശേഷം പടിഞ്ഞാറൻ ജിബ്രാല്‍ട്ടറില്‍ വച്ച്‌ ഒരു ടോര്‍പിഡോ ആക്രമണത്തില്‍ കൊസാക്ക് തകര്‍ന്നു. കപ്പലിലെ 139 അംഗങ്ങള്‍ കൊല്ലപ്പെട്ടു.
ഇത്തവണ തകര്‍ന്ന കപ്പലിലെ ഒരു കഷണം പലക സാമിന് തുണയായി. പലകയില്‍ അതിസാഹസികമായി മുറുകെ പിടിച്ച്‌ ഒഴുകിയ സാം ജിബ്രാല്‍ട്ടര്‍ തീരത്തടിഞ്ഞു. ഇവിടെ നിന്ന് ബ്രിട്ടന്റെ എച്ച്‌.എം.എസ് ആര്‍ക്ക് റോയല്‍ കപ്പലിലെ നാവികര്‍ സാമിനെ ദത്തെടുത്തു. ഇവരാണ് ‘ അണ്‍സിങ്കബിള്‍ സാം ” എന്ന പേര് നല്‍കിയത്.
സാം ആദ്യം കഴിഞ്ഞ കപ്പലായ ബിസ്മാര്‍ക്കിനെ തകര്‍ത്തവയുടെ കൂട്ടത്തില്‍ വിമാനവാഹിനിയായ ആര്‍ക്ക് റോയലുമുണ്ടായിരുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. സാം മുമ്പ് കഴിഞ്ഞ രണ്ട് കപ്പലുകളെ അപേക്ഷിച്ച്‌ ഏറെ കരുത്തുറ്റതായിരുന്നു ആര്‍ക്ക് റോയല്‍.
പക്ഷേ, നവംബറില്‍ മാള്‍ട്ടയില്‍ നിന്ന് മടങ്ങും വഴി ഒരു ജര്‍മ്മൻ അന്തര്‍വാഹിനി ആര്‍ക്ക് റോയലിനെയും തക‌ര്‍ത്തു. ഇത്തവണയും പലകയില്‍ കയറി രക്ഷപ്പെട്ട സാം കരയ്ക്കടിഞ്ഞു. ജിബ്രാല്‍ട്ടറിലെ ഗവര്‍ണര്‍ ജനറലിന്റെ വസതിയില്‍ എലിയെ പിടിച്ച്‌ ജീവിച്ച സാമിനെ പിന്നീട് യു.കെയിലേക്ക് മടക്കിക്കൊണ്ടു പോയി.
ബെല്‍ഫാസ്റ്റില്‍ നാവികര്‍ക്കായുള്ള ഒരു കേന്ദ്രത്തില്‍ 1955ല്‍ മരിക്കുന്നത് വരെ സാം ജീവിച്ചു എന്നാണ് പറയപ്പെടുന്നത്. അതേ സമയം,അണ്‍സിങ്കബിള്‍ സാമിന്റെ കഥ സാങ്കല്പിക സൃഷ്ടിയാണെന്ന് വ്യാപക ആരോപണമുണ്ട്.
മുങ്ങിയ കപ്പലുകളില്‍ നിന്ന് സാം രക്ഷപ്പെട്ടതിന് കൃത്യമായ തെളിവുകളൊന്നന്നും അവശേഷിക്കുന്നില്ല. ഏതായാലും വര്‍ഷങ്ങളായി നാവികര്‍ക്കിടെയില്‍ പ്രചാരത്തിലുള്ള അവിശ്വസനീയമായ അതിജീവനകഥയാണ് സാമിന്റേത്.

Related Articles

Back to top button