InternationalLatest

‘പ്രധാന വ്യക്തികളുടെ പട്ടികയില്‍ മലാല’ പാഠപുസ്തകങ്ങള്‍ കണ്ടുകെട്ടി പാകിസ്ഥാന്‍

“Manju”

കറാച്ചി :പ്രധാന വ്യക്തികളുടെ പട്ടികയില്‍ നോബല്‍ സമ്മാന ജേതാവ് മലാല യൂസുഫ്സായിയുടെ ചിത്രം അച്ചടിച്ചതിന് പഞ്ചാബ് പ്രവിശ്യയിലെ സ്കൂള്‍ പാഠപുസ്തകത്തിന്റെ പകര്‍പ്പുകള്‍ പാകിസ്ഥാന്‍ അധികൃതര്‍ കണ്ടുകെട്ടി.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വണ്ടി പോരാടി ലോകശ്രദ്ധ നേടിയ പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്.
മലാല യൂസഫ് സായിക്കെതിരെ പാകിസ്ഥാനിലെ സ്വകാര്യ സ്കൂളുകളുടെ അസോസിയേഷന്‍ തിങ്കളാഴ്ച ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു.മലാലയുടെ 24ാം പിറന്നാളായിരുന്ന ജൂലൈ 12 നാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്.
‘ഇസ്‌ലാമിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മലാലയുടെ വിവാദ കാഴ്ചപ്പാട്, പാശ്ചാത്യ അജണ്ട’ എന്നിങ്ങനെയാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.ഞാന്‍ മലാല അല്ല എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
അതേ ദിവസം തന്നെയാണ് പഞ്ചാബ് പാഠ്യപദ്ധതിയും പാഠപുസ്തക ബോര്‍ഡും (പിസിടിബി) മലാലയുടെ ചിത്രം അച്ചടിച്ചതിന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് (ഒയുപി) പ്രസിദ്ധീകരിച്ച ഏഴാം ഗ്രേഡിനുള്ള സോഷ്യല്‍ സ്റ്റഡീസ് പുസ്തകം കണ്ടുകെട്ടിയത്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതിനകം തന്നെ പുസ്തകങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പുസ്തകത്തിന്റെ പകര്‍പ്പുകള്‍ കണ്ടുകെട്ടുന്നതിനായി പിസിടിബി, പോലീസ്, മറ്റ് ഏജന്‍സികള്‍ കടകളില്‍ റെയ്ഡ് നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിങ്കളാഴ്ച ലാഹോറിലെ ഗുല്‍ബര്‍ഗ് ഏരിയയിലെ മിനി മാര്‍ക്കറ്റിലെ ഒയുപി ഓഫീസില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി പുസ്തകത്തിന്റെ മുഴുവന്‍ സ്റ്റോക്കും കണ്ടുകെട്ടി. പുസ്തകത്തിന് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍‌ഒസി) നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഒരു കത്തും അവര്‍ പത്രങ്ങള്‍ക്ക് കൈമാറി.
2008 സെപ്തംബറിലാണ് വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച്‌ മലാല പൊതുവേദിയില്‍ സംസാരിച്ചു തുടങ്ങിയത്.2012 ഒക്ടോബര്‍ ഒമ്ബതിന് നടന്ന വധശ്രമത്തില്‍ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേറ്റു. ദിവസങ്ങളോളം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയേണ്ടിവന്നു. മാസങ്ങള്‍ക്കു ശേഷമാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടത്.

Related Articles

Back to top button