KeralaLatest

ചന്ദ്രയാനം, കടങ്കഥപോലെ..

“Manju”

ചന്ദ്രയാന്‍ വിക്ഷേപണവും ചര്‍ച്ചകളും സജീവമായിരിക്കെ തന്നെയാണ് ആദിത്യയും കടന്നുവരുന്നത്.  സൂര്യന്‍ എന്ന പ്രപഞ്ചനാഥനെക്കുറിച്ചുള്ള പഠനം ഏവരും വളരെ ആകാംക്ഷയോടെയാണ് നോക്കുന്നത്.  സൂര്യതാപത്തിന് മുന്‍പില്‍ കത്തിക്കരിഞ്ഞ പക്ഷിശ്രേഷ്ഠന്‍ സമ്പാതിയുടെ കഥ കേട്ട് അന്തംവിട്ടിരുന്ന ജനതയുടെ മുന്നിലേക്കാണ് നാം ആദിത്യ എന്ന അടുത്ത യജ്ഞവുമായി എത്തുന്നത്.  അപ്പോള്‍ ചന്ദ്രനെക്കുറിച്ച് നാം പഠിക്കുന്നതും പഠിച്ചതും എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ.. നമ്മുടെ ശാസ്ത്രജ്ഞര്‍ ചാന്ദ്രപഠനത്തിന് നല്‍കിയ അദ്ധ്വാനം എന്തായിരുന്നു… നമ്മുടെ ധമനികളെ കോരിത്തരിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ കഥകളിലൂടെയുള്ള സഞ്ചാരമാണത് ഓരോ ഭാരതീയനും. ലോകരാഷ്ട്രങ്ങള്‍, അതും സാമ്പത്തിക ശക്തികള്‍ തങ്ങളുടെ കരുത്ത് കാട്ടാന്‍, സമ്പത്ത് കാട്ടാന്‍ വേണ്ടിയും ഒപ്പം ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കുവാന്‍ വേണ്ടിയും ഗവേഷണങ്ങളും പഠനങ്ങളും നടത്തിയപ്പോള്‍.. ഇന്ത്യ നടത്തിയ നിശബ്ദ വിപ്ലവത്തിലേക്ക്.. ഒരെത്തിനോട്ടം.

ലോകരാഷ്‌ട്രങ്ങള്‍ വിസ്മയത്തോടെ നോക്കുന്ന, ഭാരതത്തിന്റെ ഈ ഗോളാന്തര പര്യവേക്ഷണ യാത്രയ്‌ക്ക് ഉദ്വേഗം നിറഞ്ഞ ഉജ്വലമായൊരു പശ്ചാത്തലമുണ്ട്. അന്വേഷണബുദ്ധിയുടേയും ശാസ്ത്രബോധത്തിന്റെയും ദൃഢനിശ്ചയത്തിന്റേയും കഠിനാധ്വാനത്തിന്റെയും കഥയാണത്. ചന്ദ്രന്‍ എന്നും നമുക്കൊപ്പമുണ്ടായിരുന്നു. മനുഷ്യന്റെ ഭാവനയെയും ചിന്തകളെയും അന്വേഷണത്വരയേയും എന്നും വിസ്മയിപ്പിച്ചിട്ടുള്ള പ്രതിഭാസമാണ് ചന്ദ്രന്‍. ഒരേ സമയം കവികളുടെയും ശാസ്ത്രകാരന്മാരുടെയും പ്രചോദനമായിരിക്കുന്ന മറ്റൊരു പ്രതിഭാസം ഉണ്ടോ എന്ന് സംശയമാണ്. ഭൂമിയിലെ വേലിയേറ്റങ്ങളേയും വേലിയിറക്കങ്ങളെയും ഋതുക്കളെയും കാലാവസ്ഥയെയുമൊക്കെ നിയന്ത്രിക്കുന്ന ചന്ദ്രന്‍, ജീവന്റെ നിലനില്‍പ്പിന് ആധാരമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും മത്സരിച്ച്‌ നടത്തിയ ബഹിരാകാശ യുദ്ധത്തിന്റെയും പ്രധാന രംഗവേദി ചന്ദ്രന്‍ തന്നെയായിരുന്നു. ആദ്യ ഉപഗ്രഹം വിക്ഷേപിച്ച, ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച സോവിയറ്റ് യൂണിയന്‍തന്നെ ആയിരുന്നു ആദ്യമായി ചന്ദ്രനിലേക്ക് പേടകങ്ങള്‍ അയച്ചതും അവിടെ സോഫ്റ്റ് ലാന്‍ഡ് ചെയ്തതും ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചതും. എന്നാല്‍ മനുഷ്യനെ ചന്ദ്രനിലിറക്കി അമേരിക്ക ബഹുദൂരം മുന്നിലെത്തി. ഭീമമായ ചെലവും വിഭവശേഷിയും ചെലവഴിച്ച്‌ നടത്തിയ ഈ പോരാട്ടം ഇരു രാജ്യങ്ങളുടെയും സാമ്ബത്തിക നട്ടെല്ല് തകര്‍ത്തു. എഴുപതുകളുടെ ആദ്യപകുതിയില്‍ തന്നെ വന്‍ശക്തികള്‍ ഈ കളിയില്‍ നിന്ന് പിന്മാറി.
ചന്ദ്രനോടുള്ള അഭിനിവേശത്തിനു വീണ്ടും ജീവന്‍ വെച്ചത് 2008ല്‍ ഭാരതം നടത്തിയ വിജയകരമായ ചാന്ദ്രയാന്‍ ഒന്ന് ദൗത്യത്തോടെയാണെന്നു പറയാം. ഇതിനിടയില്‍ ജപ്പാനും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചന്ദ്രനിലേക്ക് പേടകങ്ങള്‍ അയച്ചിരുന്നെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ല.
2003
ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചാന്ദ്രയാന്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പരിഹസിച്ചവരും അധിക്ഷേപിച്ചവരും ഇവിടെത്തന്നെ ഉള്ളവര്‍ ആയിരുന്നു. സഹസ്രകോടികള്‍ വാരിയെറിഞ്ഞു വന്‍ശക്തികള്‍ നടത്തുന്ന ബഹിരാകാശ പോരാട്ടങ്ങളില്‍ നമുക്കെന്ത് കാര്യം എന്ന രീതിയിലായിരുന്നു വിമര്‍ശനങ്ങള്‍.
വന്‍ശക്തികള്‍ നടത്തിയ ചാന്ദ്രപദ്ധതികളുടെ ഉദ്ദേശ്യം ശാസ്ത്ര ഗവേഷണമോ മാനവരാശിയുടെ ഭാവിക്ക് മുതല്‍ക്കൂട്ടാകേണ്ട പര്യവേക്ഷണങ്ങളോ ഒന്നുമായിരുന്നില്ല. പരസ്പരമുള്ള മത്സരത്തില്‍ മുന്നിലെത്താനുള്ള വാശി മാത്രമായിരുന്നു. ചന്ദ്രന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ഒരു ശ്രമവും അപ്പോളോ, ലൂണ പദ്ധതികള്‍ക്ക് പിന്നില്‍ ഇല്ലായിരുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഭാരതത്തിന്റെ ബഹിരാകാശ നയം മത്സരാധിഷ്ഠിതമല്ല. രാജ്യത്തിനും അതുവഴി മാനവരാശിക്കും പ്രയോജപ്പെടുന്ന കാര്യങ്ങള്‍ ഏറ്റവും ചെലവ് ചുരുക്കി ചെയ്യുകയാണ് നാം എന്നും പിന്തുടര്‍ന്നിരുന്ന ആദര്‍ശം. ചന്ദ്രനില്‍ കണ്ടേക്കാവുന്ന അപൂര്‍വ്വ മൂലകങ്ങള്‍ എന്തോക്കെ, അവിടെ മനുഷ്യവാസത്തിന് സാധ്യതയുണ്ടോ എന്നൊക്കെ അന്വേഷിച്ചാണ് നാം ചാന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത്. വന്‍ശക്തികള്‍ നടത്തിയ ഭീമന്‍ പദ്ധതികളുടെ പത്തിലൊന്നു ചെലവില്‍ ഭാരതം നടത്തിയ ആ ദൗത്യമാണ് ചന്ദ്രനെ സംബന്ധിച്ച ഏറ്റവും വിലപ്പെട്ട കണ്ടെത്തല്‍ നടത്തിയത്. അത്, ചന്ദ്രനില്‍ വന്‍തോതില്‍ ഘനീഭവിക്കപ്പെട്ട ജലമുണ്ട് എന്നതായിരുന്നു. ജലമുണ്ടെങ്കില്‍ തീര്‍ച്ചയായും ഹൈഡ്രജനും ഓക്‌സിജനും ഉണ്ടാകും. ഇതെല്ലാം ഭാവിയിലെ മനുഷ്യവാസത്തിന് ഏറെ സഹായിക്കും. അതോടെ എല്ലാ ബഹിരാകാശ ഏജന്‍സികളും സടകുടഞ്ഞെഴുനേറ്റു. നാസയും യൂറോപ്യന്‍ യൂണിയനും ജപ്പാനും ഇസ്രയേലും ചൈനയുമെല്ലാം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തിക്കിത്തിരക്കാന്‍ തുടങ്ങി.
ഈ ദൗത്യത്തില്‍, ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്ന ഒരു മൊഡ്യൂള്‍ ആണ് ഉണ്ടായിരുന്നത്. മൂണ്‍ ഇംപാക്‌ട് പ്രോബ് എന്ന ഈ ഉപകരണം നൂറു കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് പതിച്ച്‌, ചന്ദ്രനില്‍ ഇടിച്ചു തകരുന്ന മുപ്പത് മിനിറ്റിനിടയില്‍ ആയിരക്കണക്കിന് ഡാറ്റ ശേഖരിച്ച്‌ ഭൂമിയിലേക്ക് കൈമാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ആ പരീക്ഷണം നടത്തിയത്. ആ പരീക്ഷണമാണ് ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരീകരിച്ചത്.
ചാന്ദ്രയാന്‍ ഒന്നിന്റെ സമയത്ത്തന്നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന പദ്ധതി ഐഎസ്‌ആര്‍ഒ തയ്യാറാക്കിയിരുന്നു. റഷ്യയുമായി സഹകരിച്ചായിരുന്നു അത് വിഭാവനം ചെയ്തത്. കരാര്‍ പ്രകാരം അവിടെ ഇറങ്ങി പരീക്ഷണം നടത്താനുള്ള ലാന്‍ഡര്‍ റഷ്യ നല്‍കും. ചന്ദ്രനെ വലം വയ്‌ക്കുന്ന ഓര്‍ബിറ്റര്‍, വിക്ഷേപണവാഹനം എല്ലാം ഐഎസ്‌ആര്‍ഒ നിര്‍മ്മിച്ച്‌ 2012ല്‍ ജിഎസ്‌എല്‍വി റോക്കറ്റില്‍ നടപ്പാക്കും എന്നതായിരുന്നു പദ്ധതി. പക്ഷേ റഷ്യ വാക്ക് പാലിച്ചില്ല. അവര്‍ നീട്ടി നീട്ടി കൊണ്ടുപോയി ഒടുവില്‍ 2015ല്‍ ഐഎസ്‌ആര്‍ഒ കരാറില്‍ നിന്ന് പിന്‍വാങ്ങി. ഇതിനിടയില്‍, ആവശ്യത്തിന് ഫണ്ട് ലഭ്യമാകാത്തതിനാല്‍ നമ്മുടെ സ്വന്തം ക്രയോജെനിക്ക് എഞ്ചിന്റെ വികസനവും ടെസ്റ്റുകളും ഇഴഞ്ഞു. പദ്ധതി പ്രതിസന്ധിയിലായി.
2014
ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് ബഹിരാകാശ പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ടും പ്രോത്സാഹനവും ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ, റഷ്യയുമായുള്ള കരാര്‍ റദ്ദു ചെയ്ത് സ്വന്തമായി ലാന്‍ഡര്‍ വികസിപ്പിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ പദ്ധതിക്ക് വേണ്ടി നിര്‍മ്മിച്ച ഓര്‍ബിറ്റര്‍ പേടകം മംഗള്‍യാന് വേണ്ടി ഉപയോഗിച്ച്‌ ഭാരതം ചരിത്രം കുറിച്ചു.
ചാന്ദ്രയാന്‍ ഒന്നിന് ശേഷം ഏഴു കൊല്ലം കഴിഞ്ഞു ചാന്ദ്രയാന്‍ രണ്ട് വീണ്ടും പൂജ്യത്തില്‍ നിന്ന് തുടങ്ങി. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച ഇസ്രോ ടീം ജിഎസ്‌എല്‍വിയെ വിശ്വസ്തമായ ഒരു റോക്കറ്റ് ആക്കി മാറ്റുക മാത്രമല്ല അടുത്ത തലമുറയിലെ കൂടുതല്‍ ശേഷിയുള്ള ‘ബാഹുബലി ‘എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എല്‍വിഎം 3 റോക്കറ്റു തയ്യാറാക്കുകയും ചെയ്തു. പുതുതായി ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ നിര്‍മ്മിച്ചു. എല്ലാ ടെസ്റ്റും ട്രയലുകളും പൂര്‍ത്തിയാക്കി 2019 ജൂലൈയില്‍ ചന്ദ്രയാന്‍ 2 ചന്ദ്രനെ ലക്ഷ്യമാക്കി പറന്നു.
ഭൂമിയുടെ പല ഉയരത്തിലുള്ള ഭ്രമണപഥങ്ങളില്‍ പലപ്രാവശ്യം വലം വെച്ച്‌ കൂടുതല്‍ ഊര്‍ജ്ജം ആവാഹിച്ചാണ് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഏതാണ്ട് നാല്പത് ദിവസം എടുത്ത് ചന്ദ്രന്റെ സമീപം എത്തി, ഭ്രമണപഥത്തില്‍ പ്രവേശിച്ച്‌ കുറേശെയായി ഭ്രമണപഥം താഴ്‌ത്തി നൂറു കിലോമീറ്റര്‍ ഉയരത്തിലെത്തുന്ന സങ്കീര്‍ണ്ണ പ്രക്രിയകള്‍ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. വിക്രം എന്ന് പേരിട്ട ലാന്‍ഡറും അതിനുള്ളില്‍ ചന്ദ്രനില്‍ ഇറങ്ങി പരീക്ഷണങ്ങള്‍ നടത്തേണ്ട പ്രജ്ഞാന്‍ എന്ന റോവറും ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ടു. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങി, ചന്ദ്രനിലെ ഒരു പകല്‍ അതായത് ഭൂമിയിലെ പതിനാലു ദിവസം പരീക്ഷണങ്ങള്‍ നടത്തുമ്ബോള്‍ നൂറു കിലോമീറ്റര്‍ മുകളിലുള്ള ഓര്‍ബിറ്റര്‍ രണ്ടുകൊല്ലം ചന്ദ്രനെ ചുറ്റി നിരീക്ഷണങ്ങള്‍ നടത്തുന്ന രീതിയിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്.

കൃത്യമായിത്തന്നെ വിക്രം ലാന്‍ഡര്‍ വേര്‍പെട്ട് ഭ്രമണപഥം താഴ്‌ത്തി. ചന്ദ്രനില്‍ വായുവോ അന്തരീക്ഷമോ ഒന്നും ഇല്ലാത്തതുകൊണ്ട് ഭൂമിയില്‍ ഹെലിക്കോപ്പ്റ്റര്‍ ഇറങ്ങുന്നത് പോലെയോ പാരഷൂട്ടുകള്‍ ഉപയോഗിച്ച്‌ ഇറങ്ങുന്നത് പോലെയോ ലാന്‍ഡ് ചെയ്യാനാവില്ല. നാല് റോക്കറ്റ് എഞ്ചിനുകള്‍ എതിര്‍ ദിശയില്‍ പ്രവര്‍ത്തിപ്പിച്ച്‌ വേഗംനിയന്ത്രിച്ചു വേണം ചന്ദ്രനെ തൊടാന്‍. ഈ പ്രക്രിയ അതിസങ്കീര്‍ണ്ണമാണ്. ചന്ദ്രന്റെ ഗുരുത്വം എല്ലായിടത്തും ഒരേപോലെയല്ല. ലാന്‍ഡ് ചെയ്യേണ്ടത്, ഇതുവരെ ആരും പോയിട്ടില്ലാത്ത ദക്ഷിണധ്രുവത്തിലാണ്. അവിടെ വെളിച്ചം കുറവാണ്. ഗര്‍ത്തങ്ങള്‍ ഏറെയുണ്ട്. ഇതെല്ലാം കണക്കാക്കി വേണം എഞ്ചിനുകളില്‍ ആവശ്യത്തിന് ത്രസ്റ്റ് കൊടുക്കാന്‍. ചന്ദ്ര നിരപ്പിന് ഒരു കിലോമീറ്റര്‍ ഉയരത്തില്‍ വരെ എല്ലാം കൃത്യമായി നടന്നു. അവിടെവെച്ച്‌ ആവശ്യത്തിന് ത്രസ്റ്റ് കണക്കാക്കുന്നതില്‍ സോഫ്റ്റ് വെയറുകള്‍ക്ക് എന്തോ പിഴവു പറ്റി. ഇറങ്ങേണ്ട സ്ഥലവും നില്‍ക്കുന്ന സ്ഥലവും സംബന്ധിച്ചു കംപ്യൂട്ടറിനുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയുന്നതിനു മുമ്ബ് നൂറ്റിനാല്പത് കോടി ജനങ്ങളുടെ ഹൃദയം തകര്‍ത്തുകൊണ്ട് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി തകര്‍ന്നു. കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടുപോയ വിജയത്തെത്തുടര്‍ന്ന് പൊട്ടിക്കരഞ്ഞ ഇസ്രോ മേധാവി ശിവനെ പ്രധാനമന്ത്രി ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച്‌, തളരാതെ മുന്നേറാന്‍ ആഹ്വാനം ചെയ്ത രംഗം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
ഒരു വര്‍ഷത്തെ ആയുസ്സുമായി ചന്ദ്രനെ ചുറ്റാന്‍ തുടങ്ങിയ ചാന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ നാലു വര്‍ഷത്തിന് ശേഷവും പ്രവര്‍ത്തനം തുടരുകയാണെന്ന് ഓര്‍ക്കുക. ബഹിരാകാശ പദ്ധതികളില്‍ ഒന്നുകില്‍ നൂറു ശതമാനം വിജയം അല്ലങ്കില്‍ നൂറു ശതമാനം പരാജയം എന്നേ കണക്കാക്കപ്പെട്ടിട്ടുള്ളു. എന്നാല്‍ ചന്ദ്രയാന്‍ രണ്ടില്‍ ലാന്‍ഡിങ് മാത്രമാണ് പരാജയപ്പെട്ടത്. ഓര്‍ബിറ്റര്‍ ഇപ്പോഴും അവിടെയുണ്ട്. അതായത് തൊണ്ണൂറു ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടിതന്നെയായിരുന്നു ചാന്ദ്രയാന്‍ 2.

ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തില്‍ ഭാരതത്തിന്റെ വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും നല്ല തിരക്കിലായിരുന്നു. അവിടത്തെ ഒരു പകല്‍, അതായത് ഭൂമിയിലെ പതിനാലു ദിവസമായിരുന്നു ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തനകാലാവധി. അതു പൂര്‍ത്തിയായി. നീണ്ട പഠനനാളുകള്‍ക്കു ശേഷം അവര്‍ മയക്കമായി. പുതിയ താരങ്ങള്‍ ഇനിയെത്തും അവരുടെ ദൗത്യപൂര്‍ത്തീകരണത്തിനായി.. നമുക്കും കാത്തിരിക്കാം.

Related Articles

Back to top button