
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉടന്‍ തുറക്കും. തൃശ്ശൂര്‍ മൃഗശാലയില്‍നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ജീവികളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അനുമതി ലഭിച്ചു. തൃശ്ശൂരില്‍ നിലവിലുള്ള പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങി 439 ഇനം ജീവികളെ പലഘട്ടങ്ങളിലായി പുത്തൂരിലേക്ക് മാറ്റും. ഈ മാസംതന്നെ ജീവികളെ കൊണ്ടുവരാനാണ് ശ്രമം. ഇതേക്കുറിച്ച് തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച സുവോളജിക്കല്‍ പാര്‍ക്കില്‍ മന്ത്രി കെ. രാജന്റെ സാന്നിധ്യത്തില്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. പാര്‍ക്ക് ഡയറക്ടര്‍ ആര്. കീര്‍ത്തി, സ്പെഷ്യല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ വിശാലമായ പൂത്തൂരിലേക്ക് മാറ്റുന്നതോടൊപ്പം മറ്റിടങ്ങളില്‍ നിന്നുമുള്ള മൃഗങ്ങളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടു വരുവാനുമുള്ള ശ്രമത്തിലുമാണ് അധികൃതര്‍. തൃശ്ശൂരില്‍നിന്ന് പക്ഷികളെയാണ് ആദ്യം പുത്തൂരിലേക്ക് മാറ്റുന്നത്. ഇതോടെ നഗരത്തിലെ മൃഗശാലാമാറ്റത്തിനും തുടക്കമാകും. സുവോളജിക്കല്‍ പാര്‍ക്ക് അധികൃതരും സംസ്ഥാന മൃഗശാലാവകുപ്പ് ഡയറക്ടറും സംയുക്തമായി കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് നല്കിയ അപേക്ഷ പരിഗണിച്ചാണ് അനുമതി. ചില സാങ്കേതികകാരണങ്ങളാണ് നടപടി വൈകിപ്പിച്ചത്. പുത്തൂരിലെ പാര്‍ക്കിന്റെ 80 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. പക്ഷികള്‍, കുരങ്ങുകള്‍, കാട്ടുപോത്ത്, ചീങ്കണ്ണി, മാന്‍, പുലി, ജിറാഫ് തുടങ്ങിയവയുടെ ആവാസസ്ഥലങ്ങള്‍ കൂടാതെ ഓറിയന്റേഷന്‍ സെന്റര്‍, ടിക്കറ്റ് കൗണ്ടര്‍, എലവേറ്റഡ് നടപ്പാത, ഡൈവേഴ്സിറ്റി സെന്റര്‍ എന്നിവയുടെ നിര്‍മാണവും കഴിഞ്ഞു.