
ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ഹൈടെക് ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രം. പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുത്തൻ നീക്കം. MQ-9B ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. 31 MQ-9B റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റങ്ങള്‍ക്കായാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
ജനറല്‍ അറ്റോമിക്‌സ് നിര്‍മ്മിച്ച 31 MQ-9B സീഗാര്‍ഡിയൻ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഡ്രോണുകള്‍ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ വിലവരും. ഇന്ത്യൻ നാവികസേനയായിരിക്കും ഈ ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുക. സമുദ്രമേഖലയിലെ നിരീക്ഷണത്തിനായി 2020 നവംബര്‍ മുതല്‍ രണ്ട് നിരായുധ MQ-9B ഡ്രോണുകള്‍ വാടകയ്‌ക്കെടുത്ത് ഇന്ത്യ ഉപയോഗിച്ചുവരികയാണ്.
പ്രധാനമന്ത്രിയുടെ ആദ്യ യുഎസ് സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും പുറപ്പെടുവിച്ച പ്രസ്താവനയില്‍ നിര്‍ദ്ദിഷ്ട കരാര്‍ പരാമര്‍ശിച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന നേരിടുന്ന സാങ്കേതിക വിടവുകള്‍ നികത്താനും സാങ്കേതിക കൈമാറ്റം വര്‍ദ്ധിപ്പിക്കാനും ഡ്രോണുകള്‍ സഹായിക്കും. തദ്ദേശീയമായി ഇത്തരം ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും മുതല്‍ക്കൂട്ടാകും MQ-9B.
നിരീക്ഷണത്തിനും ആക്രമണത്തിനും വിശ്വസ്തനാണ് ഈ ഡ്രോണ്‍. മെക്‌സിക്കൻ അതിര്‍ത്തി മുതല്‍ പാക്-അഫ്ഗാൻ അതിര്‍ത്തി വരെ അമേരിക്ക ഈ ഡ്രോണ്‍ ഉപയോഗിച്ചുവരുന്നു. ഡ്രോണിലെ ക്യാമറയ്‌ക്ക് 3.2 കിലോമീറ്റര്‍ ദൂരെയുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പോലും ഒപ്പിയെടുക്കാനാകും. 40,000 അടി ഉയരത്തില്‍ 30 മുതല്‍ 40 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറക്കും.