IndiaLatest

കടലിന്റെ അടിത്തട്ടിലേക്കുള്ള സമുദ്രയാൻ ദൗത്യം അടുത്ത കൊല്ലം

“Manju”

ആഴക്കടലിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ സമുദ്ര ദൗത്യമായ സമുദ്രയാൻ അടുത്ത വര്‍ഷം ലക്ഷ്യത്തിലേക്ക് ആഴ്ന്നിറങ്ങും. ചന്ദ്രയാൻ ദൗത്യത്തിന് പിന്നാലെയാണ് സമുദ്രയാൻ ദൗത്യത്തിനും രൂപം നല്‍കിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലുള്ള അമൂല്യമായ ധാതുശേഖരം ലക്ഷ്യമിട്ടാണ് സമുദ്രയാൻ പര്യവേഷണം നടത്തുക. 3 പേര്‍ അടങ്ങിയ സംഘത്തെ ഉള്‍ക്കൊള്ളിച്ച മത്സ്യ-6000 പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ഊളിയിടും. ചെന്നൈയിലെ പുറം കടലില്‍ നിന്നാണ് സമുദ്രയാന്റെ സാഹസികയാത്ര ആരംഭിക്കുക.

6000 മീറ്റര്‍ ആഴമാണ് ലക്ഷ്യമിടുന്നതെങ്കിലും, ആദ്യ യാത്ര 600 മീറ്റര്‍ വരെ മാത്രമായിരിക്കും. 2026-ല്‍ 6000 മീറ്റര്‍ അടിത്തട്ടില്‍ ഗവേഷകര്‍ എത്തുന്നതാണ്. 2018-ലാണ് സമുദ്രയാൻ പദ്ധതികള്‍ക്ക് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി രൂപം നല്‍കിയത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ ജലത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന പേടകത്തിന്റെ നിര്‍മ്മാണ ചുമതല ഐഎസ്‌ആര്‍ഒയാണ് നിര്‍വഹിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 4,077 കോടി രൂപയാണ് സമുദ്രയാൻ പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. കൊബാള്‍ട്ട്, നിക്കല്‍, മാംഗനീസ്, കോപ്പര്‍, അയേണ്‍ ഹൈഡ്രോക്സൈഡ് തുടങ്ങിയ പ്രധാന ധാതുക്കളെ കുറിച്ച്‌ സമുദ്രയാൻ പഠനം നടത്തുന്നതാണ്. നിലവില്‍, ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരണ്‍ റിജിജു മത്സ്യ പേടകത്തില്‍ കയറി ദൗത്യം വിലയിരുത്തിയിട്ടുണ്ട്.

Related Articles

Back to top button