IndiaLatest

ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകള്‍ക്ക് നൂറിലധികം വര്‍ഷങ്ങളുടെ പഴക്കം

“Manju”

ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകള്‍ക്ക് നൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട് എന്ന് റിപ്പോര്‍ട്ട്. അമ്പതു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതുവരെയ്‌ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല എന്നതും ഭീതി ജനിപ്പിക്കുന്ന കാര്യം ആണ്. അതേസമയം ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ 5334 വലിയ അണക്കെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ നൂറിലേറെ വര്‍ഷം പഴക്കമുള്ള 234 വലിയ അണക്കെട്ടുകളുണ്ട്. അമ്പതു മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള 1034 പ്രവര്‍ത്തനക്ഷമമായ വലിയ അണക്കെട്ടുകളും ഇന്ത്യയിലുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് മുൻകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി അതിശക്തമായ മഴ അപ്രതീക്ഷിതമായി പലയിടങ്ങളിലും പെയ്തിറങ്ങുന്നുണ്ട്. ഇത്രത്തോളം മഴ പെയ്യാതിരുന്ന കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ ഡാമുകളുടെ സ്പില്‍വേ ശേഷി കുറവാണെന്നത് ഡാമുകളുടെ സുരക്ഷയെപ്പറ്റി ഉല്‍കണ്ഠകളുണ്ടാക്കുന്നുണ്ട്. അതുപോലെ തന്നെ ഇവയുടെ നിര്‍മ്മാണം കനത്ത മഴയെ അതിജീവിക്കും വിധവുമല്ല എന്നതും ആശങ്ക ഉളവാക്കുന്നതാണ്.

നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള 63 അണക്കെട്ടുകള്‍ മധ്യപ്രദേശിലും 44 ഡാമുകള്‍ മഹാരാഷ്‌ട്രയിലും 30 ഡാമുകള്‍ ഗുജറാത്തിലും 25 ഡാമുകള്‍ രാജസ്ഥാനിലും 21 ഡാമുകള്‍ തെലുങ്കാനയിലും 17 ഡാമുകള്‍ ഉത്തരപ്രദേശിലും 15 ഡാമുകള്‍ കര്‍ണാടകയിലും 7 ഡാമുകള്‍ ഛത്തിസ്ഗഡിലും 6 ഡാമുകള്‍ ആന്ധ്രയിലും 3 ഡാമുകള്‍ ഒഡീഷയിലും ഓരോ ഡാമുകള്‍ വീതം ബീഹാറിലും കേരളത്തിലും തമിഴ്നാട്ടിലുമുണ്ട്.

128 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പില്‍ക്കാലത്ത് കോണ്‍ക്രീറ്റ് ഉപയോഗിച്ച്‌ ബലപ്പെടുത്തിയെങ്കിലും ഡാമിന്റെ സുരക്ഷ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ 23 അണക്കെട്ടുകളില്‍ 21 എണ്ണം സുരക്ഷാഭീഷണി നേരിടുന്നുവെന്ന് സര്‍ക്കാര്‍ ഈ മാസം കണ്ടെത്തിയിരുന്നു.

Related Articles

Back to top button