IndiaLatest

എച്ച്‌പിയും ഗൂഗിളും കൈകോര്‍ക്കുന്നു; ക്രോംബുക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കും

“Manju”

പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ എച്ച്‌പി ഗൂഗിളുമായി കൈകോര്‍ക്കുന്നു. ഇരു കമ്പനികളും സംയുക്തമായി ഇന്ത്യയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ക്രേംബുക്ക് നിര്‍മ്മിക്കുമെന്ന് എച്ച്‌പി വ്യക്തമാക്കി. ചെന്നൈ ആസ്ഥാനമായുള്ള ഫ്‌ളക്‌സ് ഫെസിലിറ്റിയിലാകും ക്രോംബുക്കുകള്‍ നിര്‍മ്മിക്കുക. 2020 ഓഗസ്റ്റ് മുതല്‍ എച്ച്‌പി ലാപ്ടോപ്പുകളുടെയും ഡെസ്‌ക്ടോപ്പുകളുടെയും ശ്രേണി നിര്‍മ്മിക്കുന്നത് ഇവിടെയാണ്.

ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകാൻ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ക്രോംബുക്കുകള്‍ക്ക് കഴിയും. രാജ്യത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് എച്ച്‌പി ഇന്ത്യ സിനീയര്‍ ഡയറക്ടര്‍ വിക്രം ബേദി പറഞ്ഞു. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരതിനെ പിന്തുണയ്‌ക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. ക്രോംബുക്കിന്റെ ആഭ്യന്തര നിര്‍മ്മാണം ഇന്ത്യയിലെ വിദ്യഭ്യാസ മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഗൂഗിളിന്റെ സൗത്ത് ഏഷ്യൻ എജ്യുക്കേഷൻ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബാനി ധവാൻ പറഞ്ഞു.

സ്‌കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താങ്ങാനാവുന്ന തരത്തിലാകും എച്ച്‌പി ക്രോം ബുക്ക് പുറത്തിറക്കുക. സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉപകരണങ്ങള്‍ നല്‍കി രാജ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ ആവാസ്ഥ വ്യവസ്ഥയെ പിന്തുണയ്‌ക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പ്രസ്താവയില്‍ വ്യക്തമാക്കി. എച്ച്‌പിയുടെ ഇന്ത്യയിലെ വില്‍പന വര്‍ദ്ധനയ്‌ക്കും ഇത് കാരണമാകും. 2020 മുതലാണ് എച്ച്‌പി ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചത്. 2021 ഡിസംബര്‍ മുതല്‍, HP EliteBooks, HP ProBooks, HP G8 സീരീസ് നോട്ട്ബുക്കുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ലാപ്ടോപ്പുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. ലിനക്‌സ് അധിഷ്ഠിത ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപാണ് ക്രോം ബുക്ക്.

Related Articles

Back to top button