IndiaLatest

135 ഇന്ത്യക്കാരെ കൂടി ജിദ്ദയിൽ എത്തിച്ച് ഓപ്പറേഷൻ കാവേരി

“Manju”

135 ഇന്ത്യക്കാരെ കൂടി സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തിച്ച് ഓപ്പറേഷന്‍ കാവേരി. ഇതിനുമുമ്പ് വിമാനമാര്‍ഗ്ഗം ജിദ്ദയില്‍ എത്തിയത് രണ്ടുതവണയായി 269 പേരാണ്. ഐഎന്‍എസ് സുമേധ എന്ന പടക്കപ്പല്‍ വഴിയും 278 പേരെ ജിദ്ദയില്‍ എത്തിയിരുന്നു. കടല്‍ മാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഐഎന്‍എസ് തേഗ് എന്ന പടക്കപ്പലിനെയും നിയോഗിച്ചിട്ടുണ്ട്.

സൈന്യവും അര്‍ദ്ധ സൈനിക വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കുടുങ്ങിയ സുഡാനില്‍ നിന്ന് വിമാന മാര്‍ഗവും കടല്‍ മാര്‍ഗ്ഗവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ഇന്ത്യ. ഇന്ത്യ ഏറ്റവും അവസാനം പോര്‍ട്ട് സുഡാനില്‍ നിന്ന് C130J വിമാനം ഉപയോഗിച്ച് ജിദ്ദയില്‍ എത്തിച്ചിരിക്കുന്നത് 135 പേരെയാണ്. ഇതിന് തൊട്ടുമുമ്പ് ഒരുതവണ 148 പേരെയും മറ്റൊരു വിമാനത്തില്‍ 121 പേരെയും സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തി ജിദ്ദയില്‍ എത്തിച്ചിരുന്നു.

സുഡാനിലെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന 278 ഇന്ത്യക്കാരാണ് ഐഎന്‍എസ് സുമേധ എന്ന ഇന്ത്യന്‍ പടക്കപ്പലില്‍ പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലേക്ക് എത്തിയത്. ഇവരെ പിന്നീട് വിമാനമാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കും. ഐഎന്‍എസ് തെഗ് എന്ന മറ്റൊരു പടക്കപ്പലും പോര്‍ട്ട് സുഡാനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എല്ലാ തരം രക്ഷാപ്രവര്‍ത്തനത്തിലും സൗദിയുടെ തലസ്ഥാനമായ ജിദ്ദ ആയിരിക്കും ഇടത്താവളം.

രണ്ട് യുദ്ധക്കപ്പലുകളും രണ്ട് വിമാനങ്ങളും ഉപയോഗിച്ചാണ് ഓപ്പറേഷന്‍ കാവേരി എന്ന് പേരിട്ട ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനം. സുഡാനിലെ തുറമുഖമായ പോര്‍ട്ട് സുഡാനില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ക്യാമ്പ് ഓഫീസ് തുറന്നിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുമുണ്ട്. സുഡാനില്‍ നിന്ന് തിരികെയെത്തുന്ന ഇന്ത്യക്കാര്‍ക്ക് ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുഡാനില്‍ യുദ്ധമുനമ്പില്‍ കുടുങ്ങിയ 3000ത്തിലധികം ഇന്ത്യക്കാരെ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കാനാണ് ഇന്ത്യയുടെ പദ്ധതി.

Related Articles

Back to top button