IndiaLatest

രാഷ്‌ട്രത്തിന്റെ സംസ്‌കൃതിയും തനിമയും അറിഞ്ഞ് കുട്ടികള്‍ വളരണം

“Manju”

ഇറ്റാനഗര്‍: സ്വാതന്ത്ര്യത്തിന് മുമ്പ് സ്ഥാപിതമായ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ‘പൈതൃക വിദ്യാലയങ്ങള്‍’ ആയി ഉയര്‍ത്തി അരുണാചല്‍ പ്രദേശ്. രാഷ്‌ട്രത്തിന്റെ തനിമയും സംസ്‌കൃതിയും പുതു തലമുറയ്‌ക്ക് കൂടി പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യമാണ് പൈതൃക വിദ്യാലയങ്ങള്‍ക്കുള്ളതെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.

വിദ്യാലയ പരിസരത്ത് ഹെറിറ്റേജ് മ്യൂസിയം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കൻ സിയാങ് ജില്ലയിലെ ബാലെക്കിലെ സര്‍ക്കാര്‍ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ബാലെക് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് സ്ഥലം സംഭാവന ചെയ്ത കെറ്റെം യോംസോയുടെ പ്രതിമ മുഖ്യമന്ത്രി ഖണ്ഡു അനാച്ഛാദനം ചെയ്തു.

കേന്ദ്രഭരണ പ്രദേശമായിരുന്ന അരുണാചലിന് 1987-ല്‍ മാത്രമാണ് സമ്പൂര്‍ണ സംസ്ഥാന പദവി ലഭിച്ചത്. 3,000-ത്തിലധികം സര്‍ക്കാര്‍ സ്കൂളുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ട്. ഹാജര്‍ കുറവുള്ള നാനൂറോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി, നടപടികള്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സ്‌കൂളുകള്‍ ആവശ്യമില്ല, ഗുണനിലവാരത്തിലാണ് തന്റെ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അരുണാചലിലെ പുതുതലമുറ നാട് നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് വളരേണ്ടതുണ്ട്. അതിന് നാടിനായി പ്രവര്‍ത്തിച്ചവരുടെ ജീവിതവും അവര്‍ പഠിക്കണം. വിദ്യാലയങ്ങളില്‍ നിന്നാണ് ഭാരതത്തോട് പ്രതിബദ്ധതയുള്ള തലമുറ വളര്‍ന്നു വരേണ്ടത്. രാഷ്‌ട്രത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യാത്ത പഠനസമ്പ്രദായം കൊണ്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button