IndiaLatest

അക്കൗണ്ടിലെത്തിയ തുക തിരിച്ചെടുപ്പിക്കാന്‍ വട്ടം കറങ്ങി കുട്ടപ്പന്‍ മാഷ്‌

“Manju”

വാടാനപ്പള്ളി : പണത്തിനു ആര്‍ത്തികൂടുന്നവരുടെ നാട്ടില്‍ തന്റെ അക്കൗണ്ടില്‍ അധികമായി വന്ന മൂന്നരക്കോടി തിരിച്ചു നല്‍കാന്‍ ഓടി നടക്കുകയായിരുന്നു റിട്ട.അധ്യാപകനായ കുട്ടപ്പന്‍ മാഷ്.

ദേശീയ പാത ബൈപാസ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി തളിക്കുളം കലാഞ്ഞിയിലെ കുട്ടപ്പന്‍ മാഷിന്റെ പുരയിടം പൂര്‍ണമായും നഷ്‌ടപ്പെടുകയാണ്‌. നഷ്‌ടപരിഹാരമായി ലഭിക്കുന്നത്‌ 1.33 കോടി. എന്നാല്‍ ഇത്രയും തുകയ്‌ക്ക്‌ പുറമേ അധികമായി മൂന്നരക്കോടി രൂപയും അദ്ദേഹത്തിന്റെ ഇന്ത്യന്‍ ബാങ്ക്‌ വാടാനപ്പള്ളി ശാഖയിലെ അക്കൗണ്ടിലെത്തി.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ഫോണിലേയ്‌ക്ക്‌ പണം എത്തിയതായി സന്ദേശം ലഭിച്ചത്‌.തുടര്‍ന്ന്‌ മറ്റാരുടേയോ പണം തെറ്റായി തന്റെ അക്കൗണ്ടില്‍ വന്നതാണെന്നും ഒഴിവാക്കിത്തരണമെന്നും ബാങ്ക്‌ മാനേജരോട്‌ ആവശ്യപ്പെട്ടു. പണം അയച്ചവരുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ ബാങ്കിലേയ്‌ക്ക്‌ തുക അയച്ച ന്യൂജനറേഷന്‍ ബാങ്കുമായി ബന്ധപ്പെട്ടു.
എന്നാല്‍ തങ്ങള്‍ക്ക്‌ ലഭിച്ച ലിസ്‌റ്റ്‌ പ്രകാരമാണ്‌ പണം അയച്ചിട്ടുള്ളതെന്നുപറഞ്ഞ്‌ അവര്‍ കൈയൊഴിഞ്ഞു. ആശങ്കയിലായ കുട്ടപ്പന്‍ മാഷ്‌ പരിചയക്കാരനായ മുന്‍ ബാങ്ക്‌ മാനേജരേയും തുടര്‍ന്ന്‌ ദേശീയപാത എല്‍.എ. ഓഫീസിലും വിവരമറിയിച്ചു. തുടര്‍ന്ന്‌ എല്‍.എ. ഓഫീസിലെ സൂപ്രണ്ട്‌ പൂക്കോയയുടെ വിളി വന്നു. കുട്ടപ്പന്‍ ചേട്ടന്‍ എവിടെയാണുള്ളത്‌, ഞങ്ങള്‍ വരുന്നുണ്ട്‌ എന്നായിരുന്നു സംഭാഷണം. തളിക്കുളത്ത്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്റെ യോഗത്തിലായിരുന്ന കുട്ടപ്പന്‍ വേഗം പുറത്തിറങ്ങി കാത്തുനിന്നു. തുടര്‍ന്ന്‌ ദേശീയ പാത എല്‍ എ ഓഫീസില്‍നിന്ന്‌ വാഹനം എത്തിയതോടെ അവര്‍ക്കു മുന്നിലായി സ്വന്തം ബൈക്കില്‍ വാടാനപ്പള്ളിയിലെ ബാങ്കിലെത്തി. ഈ സമയം ബാങ്കിടപാടിന്റെ സമയം കഴിഞ്ഞിരുന്നു. പക്ഷേ വിളിച്ചു പറഞ്ഞതു പ്രകാരം ബാങ്ക്‌ അധികൃതര്‍ സഹകരിച്ചു. ബാങ്കിലെത്തി മാനേജരുമായി സംസാരിക്കുന്നതിനിടെയാണ്‌ എല്‍.എ. ഓഫീസ്‌ സൂപ്രണ്ടിനോട്‌ താന്‍ റിട്ട.അധ്യാപകനാണെന്ന്‌ കുട്ടപ്പന്‍ പറയുന്നത്‌. താന്‍ ജോലിയില്‍ പ്രവേശിച്ചത്‌ കന്നാറ്റുപാടം ഹാരിസണ്‍ എസ്‌റ്റേറ്റിലെ ഗവ.ഹൈസ്‌കൂളിലായിരുന്നുവെന്നും 1977 വരെ അവിടെ അധ്യാപകനായിരുന്നുവെന്നുകൂടി കുട്ടപ്പന്‍ വിശദമാക്കിയതോടെ സ്‌തബ്‌ധനായ പൂക്കോയ തനിക്കൊപ്പമുള്ള തന്റെ അധ്യാപകനെ തിരിച്ചറിഞ്ഞു. അതോടെ അധ്യാപകനെ ‘ചേട്ടാ’ എന്ന്‌ വിളിച്ചതില്‍ ജാള്യതയായി.
ഗുരുവും ശിഷ്യനും ഗതകാല സ്‌മൃതികള്‍ അയവിറക്കി ബാങ്കില്‍നിന്ന്‌ മൂന്നരക്കോടി ദേശീയ പാത അഥോറിറ്റിയുടെ അക്കൗണ്ടിലേയ്‌ക്ക്‌ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെയാണ്‌ ആ തുക കുട്ടപ്പന്റെ അക്കൗണ്ടില്‍നിന്ന്‌ ഒഴിവായിക്കിട്ടിയത്‌. തളിക്കുളം കലാഞ്ഞി തിരുത്തിയില്‍ വീട്ടില്‍ കുട്ടപ്പന്‍ വീടൊഴിഞ്ഞതിനെ തുടര്‍ന്ന്‌ അരിമ്ബൂര്‍ ഉദയ നഗറില്‍ വാടക വീട്ടിലാണിപ്പോള്‍ താമസം. ഭാര്യ സാവിത്രി( റിട്ട. പഞ്ചായത്ത്‌ ജീവനക്കാരി) മക്കള്‍: സ്‌മേര,ഹാര.(ഇരുവരും വിവാഹിതര്‍).

Related Articles

Back to top button