KeralaLatest

6 ജിയില്‍ ഇന്ത്യ ലോകത്ത് ഒന്നാമതാകും; മോദി

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തുടക്കമിട്ട 5ജി നെറ്റ്‌വര്‍ക്കിന്റെ നേട്ടം രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 6 ജിയില്‍ ലോകത്ത് ഒന്നാമതാകുകയാണ് ലക്ഷ്യം.
ഇരുപത്തി രണ്ടു രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ഏഴാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി-20നടന്ന ഭാരത് മണ്ഡപത്തിലാണ് മൂന്നു ദിവസത്തെ മൊബൈല്‍ കോണ്‍ഗ്രസ്.
ഒരു വര്‍ഷത്തിനുള്ളില്‍, 97 ശതമാനം നഗരങ്ങളെയും ജനസംഖ്യയുടെ 80 ശതമാനത്തെയും ഉള്‍ക്കൊള്ളുന്ന 4 ലക്ഷം 5 ജി ബേസ് സ്റ്റേഷനുകള്‍ക്ക് രൂപം നല്‍കാൻ രാജത്തിന് കഴിഞ്ഞു. മൊബൈല്‍ ബ്രോഡ്‌ബാൻഡ് വേഗത ഒരു വര്‍ഷത്തിനുള്ളില്‍ 3 മടങ്ങ് വര്‍ദ്ധിച്ചു. ബ്രോഡ്‌ബാൻഡ് വേഗതയുടെ കാര്യത്തില്‍ 118-ാം സ്ഥാനത്ത് നിന്ന് 43ലേക്കുയര്‍ന്നു.
രാജ്യത്തെ 100 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 5ജി യൂസ് കേസ് ലാബുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്‌തു.
ഈ ലാബുകള്‍ യുവാക്കളെ വലിയ സ്വപ്‌നങ്ങള്‍ കാണാൻ പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ നിര്‍മ്മാതാക്കളായി ഇന്ത്യ മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ദേവുസിൻ ചൗഹാൻ,
റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയര്‍മാൻ ആകാശ് എം അംബാനി, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാൻ സുനില്‍ ഭാരതി മിത്തല്‍,
ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാൻ കുമാര്‍ മംഗലം ബിര്‍ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവിധ സ്ഥാപനങ്ങളുടെ 500ഒാളം മേധാവികള്‍, 230 പ്രദര്‍ശകര്‍, 400 സ്റ്റാര്‍ട്ടപ്പുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്നു.

Related Articles

Back to top button