IndiaLatest

റിയാൻ പരാഗിനെ ഇന്ത്യൻ ടീമിൽ പരിഗണിച്ചേക്കും

“Manju”

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനങ്ങളുടെ മികവിൽ അസം ക്യാപ്റ്റൻ റിയാൻ പരാഗിനെ ഇന്ത്യൻ ടീമിൽ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരയിൽ പരാഗിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ 23നാണ് ആരംഭിക്കുക.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും അസാമാന്യ ഫോമിലായിരുന്നു പരാഗ്. തുടരെ ഏഴ് മത്സരങ്ങളിൽ ഫിഫ്റ്റിയടിച്ച് റെക്കോർഡിട്ട പരാഗ് ടീമിനെ സെമിഫൈനൽ വരെ എത്തിക്കുകയും ചെയ്തു. 10 മത്സരങ്ങളിൽ നിന്ന് 510 റൺസ് നേടിയ പരാഗ് തന്നെയാണ് ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് നേടിയത്. 85 ശരാശരിയും 182 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 7.29 എക്കോണമിയിൽ 11 വിക്കറ്റും താരം നേടി.

ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ തോല്പിച്ച അസം ക്വാർട്ടറിലും കേരളത്തെ മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കേരളം തോറ്റ ഒരേയൊരു കളി അസമിനെതിരെ ആയിരുന്നു. സെമിയിൽ ബറോഡയ്ക്കെതിരെ അസം കീഴടങ്ങുകയായിരുന്നു.

ദേവ്ധർ ട്രോഫിയിലും റിയാൻ പരാഗ് തന്നെയായിരുന്നു ഏറ്റവുമധികം റൺസ് നേടിയത്. ഈസ്റ്റ് സോണിനായി ഇറങ്ങിയ താരം അഞ്ച് മത്സരങ്ങളിൽ നിന്ന് 88.50 ശരാശരിയിൽ 136.67 സ്ട്രൈക്ക് റേറ്റിൽ 354 റൺസ് നേടി. ഇതിൽ രണ്ട് സെഞ്ചുറിയും ഉൾപ്പെട്ടിരുന്നു. ഇതോടൊപ്പം ടൂർണമെന്റിൽ താരം 11 വിക്കറ്റും സ്വന്തമാക്കി.

ലോകകപ്പ് അവസാനിക്കുന്നയുടൻ നടക്കുന്ന പരമ്പര ആയതിനാൽ ബി ടീമിനെയാവും ഇന്ത്യ അണിനിരത്തുക. ഒക്ടോബറിൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലെ അംഗങ്ങളാവും ടീമിൽ കൂടുതലുണ്ടാവുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 5.84 ശരാശരിയിൽ 11 വിക്കറ്റ് നേടിയ മുതിർന്ന താരം ഭുവനേശ്വർ കുമാറും ടീമിൽ ഉൾപ്പെട്ടേക്കും.

Related Articles

Back to top button