KeralaLatest

ലിൻസയെ ഗവർണർ വിളിച്ചു :അഭിനന്ദനവും രാജ്ഭവനിലേക്ക് ക്ഷണവും

“Manju”

അനൂപ് എം സി

രാജ്ഭവനിലെ ചായസൽക്കാരം തൻ്റെ ജീവിതത്തിലെ വലിയ അവാർഡാണെന്ന് ലിൻസ ടീച്ചർ.പൗലോ കൊയ്‌ലോയും തൻ്റെ അച്ഛനും ഉയർച്ചയ്ക്ക് പ്രചോദനമായെന്നും ടീച്ചർ…’ജീവിതത്തിൽ ഒരിക്കലെങ്കിലും തോറ്റു പോയി എന്ന് തോന്നിയിട്ടുണ്ടോ?എങ്കിൽ ലിൻസ ടീച്ചറുടെ കണ്ണീരുപ്പു കലർന്ന കഥ കേൾക്കണം .തൂപ്പുകാരിയിൽ നിന്ന് ഇംഗ്ലീഷ് അധ്യാപികയായി കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻ്ററിയിലെ ലിൻസ ടീച്ചർ ഇന്ന് ഒരു പ്രചോദനമാണ് എല്ലാവർക്കും. ടീച്ചറുടെ ജീവിതകഥയിലേക്ക് നമുക്ക് ഒന്ന് എത്തി നോക്കാം.

എന്തെങ്കിലും നേടിയെടുക്കണമെന്ന് “ഒരാൾ പൂർണ മനസ്സോടെ ആഗ്രഹിച്ചാൽ, ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവൻ്റെ സഹായത്തിനെത്തും “- ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ ആൽക്കമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്.ഈ വാക്കുകൾ ചിലരുടെയെങ്കിലും ജീവിതത്തിൽ അർഥവത്തായി സംഭവിച്ചിരിക്കാം. അതിലൊരാളാണ് താനെന്ന് വ്യക്തമാക്കുകയാണ് ലിൻസ ടീച്ചർ. തൂപ്പുകാരിയിൽ നിന്ന് ഇംഗ്ലീഷ് അധ്യാപികയായ ലിൻസ ടീച്ചറുടെ മനസിലുള്ള മറ്റൊരാഗ്രഹമാണ് അച്ഛനെപ്പോലെ കഴിവുള്ള നല്ലൊരു അധ്യാപകനാവണമെന്ന്. പൗലോ കൊയ്‌ലോയുടെയും അച്ഛൻ്റെയും വാക്കുകളിൽ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ലിൻസ ടീച്ചർ ഉയരങ്ങളിലേക്ക് പറന്നുയരുകയായിരുന്നു.

രണ്ടു വർഷം മുമ്പുവരെ കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിലെ തൂപ്പുകാരിയായിരുന്ന ലിൻസ ബിരുദവും, ബിരുദാനന്തര ബിരുദവും സമ്പാദിച്ച് അതേ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇംഗ്ലീഷ് പത്രങ്ങളിലെ വാർത്ത ശ്രദ്ധയിൽ പെട്ട സംസ്ഥാന ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ലിൻസ ടീച്ചറെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചായ സൽക്കാരത്തിന് ക്ഷണിക്കുകയുമായിരുന്നു.അങ്ങനെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്ഭവനിൽ ലിൻസ ടീച്ചറും കുടുംബവും ഗവർണറുടെ അതിഥിയായി എത്തി.ഈ ചായസൽക്കാരം തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡായി കണക്കാക്കുന്നു ലിൻസ .കൂടാതെ ഗവർണറുടെ ഭാര്യ ഒരു സമ്മാനവും ലിൻസയ്ക്ക് നൽകി.
https://www.facebook.com/SanthigiriNews/posts/1688839467946507

ലിൻസയുടെ പിതാവ് കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.കെ.രാജൻ കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂളിലെ സംസ്കൃത അധ്യാപകനായിരുന്നു. സർവ്വീസിലിരിക്കെ രാജൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആശ്രിതനിയമനം എന്ന നിലയിലാണ് ലിൻ സയക്ക് ഇഖ്ബാൽ സ്കൂളിൽ ജോലി ലഭിച്ചത്. ബിരുദം പാതിവഴിയിൽ ഉപേക്ഷിച്ച് തൂപ്പുജോലിക്കാരുടെ ഒഴിവിൽ ലിൻസ ജോലിയിൽ പ്രവേശിച്ചത്.പിന്നീട് ലിൻസ പഠനം പൂർത്തിയാക്കി. ഒടുവിൽ വാശിയോടെ പഠിച്ച് ആ സ്കൂളിൽ തന്നെ അധ്യാപികയായി തിരിച്ചെത്തുകയായിരുന്നു.


നെഹ്റു കോളേജ് ജീവനക്കാരൻ സുധീരൻ മയ്യിച്ചയാണ് ഭർത്താവ്.സോനിൽ ,സംഘമിത്ര എന്നിവർ മക്കൾ.
കരഞ്ഞു തീർന്ന വേദനകളെയെല്ലാം കാറ്റിൽ പറത്തിയ സന്തോഷം ലിൻസ ടീച്ചറുടെ മുഖത്ത് ഇന്നുണ്ട്. ഉയരും, വളരും, നന്നാകും, നിനക്കതിനു കഴിയും തുടങ്ങിയ വാക്കുകൾ കേട്ട് വളരുന്നവർക്ക് അത്ഭുതകരമായ വളർച്ച ഉണ്ടാകും. ആ വളർച്ചയ്ക്ക് ഒന്നുകൂടി പ്രചോദനമാകട്ടെ ലിൻസ ടീച്ചറുടെ ജീവിത കഥ’.

Related Articles

Back to top button