ArticleIndiaLatest

ഒരു പ്രവാസിയുടെ ക്വാറന്‍റൈൻ അനുഭവക്കുറിപ്പ്

“Manju”

ഹായ്,
ഞാൻ സിജി തോമസ്, കോഴിക്കോട്ടുകാരിയാണ്. ഇൗ കോവിഡ് കാലത്ത് ദുബൈയിലെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ എത്തിയ ഒരു പാവം പ്രവാസി

ഇങ്ങനെ ഒരു അനുഭവക്കുറിപ്പ് എഴുതണം എന്ന് ഒരിക്കലും പോലും ഞാൻ ഉദ്ദേശിച്ചിരുന്നതല്ല. പിന്നീട് ആലോചിച്ചപ്പോൾ തോന്നി എൻറെ അനുഭവം ഞാനിവിടെ പങ്ക് വെച്ചു കഴിഞ്ഞാൽ നല്ലവരായ എന്റെ പ്രവാസി സുഹൃത്തുക്കൾക്കു ഒരുപക്ഷേ ഭാവിയിൽ ഉപകാരപ്പെട്ടേക്കാം എന്ന ചിന്തയിൽ ഇവിടെ കുറിക്കുന്നു.

വളരെയധികം സംഘർഷങ്ങൾ നിറഞ്ഞതായിരുന്നു എന്റെ ജോലി നഷ്ടപ്പെട്ടതിന്റെ ശേഷമുള്ള കാലയളവ്. ഇൗ കൊറോണ കാലത്ത് ഒരുപാട് വാതിലുകൾ ഞാൻ മുട്ടി, എങ്ങിനെ എങ്കിലും ഒന്ന് നാട്ടിൽ എത്താൻ വേണ്ടി. അങ്ങിനെ നീണ്ട എന്റെ കാത്തിരിപ്പിനു മെയ് മാസം 31 ആം തീയതിയോടെ ശുഭാന്ത്യം. തിങ്കളാഴ്ച വെളുപ്പിന് കരിപ്പൂർ വിമാനത്താവളത്തിൽ സന്തോഷത്തോടെ ഞാൻ വിമാനമിറങ്ങി.

കോവിഡ്-19 ഭീതി എന്നെ വല്ലാതെ അലട്ടിയത് കൊണ്ട് തന്നെ ഞാൻ പർദ ധരിച്ചാണ് ദുബൈ മുതൽ കരിപ്പൂർ വരെ യാത്ര ചെയ്തത്. പർദ്ദ ധരിച്ചത് കൊണ്ടാണോ എന്തോ ഞാൻ വിമാനത്താവളത്തിൽ എല്ലാവർക്കും ഒരു അത്ഭുതജീവി ആയി മാറിയ നിമിഷങ്ങൾ ആയിരുന്നു പിന്നീട്. കൊവിഡ്-19 നോട് പൊരുതാൻ പർദ്ദയേക്കാളും നല്ലൊരു വസ്ത്രം ഇല്ലെന്ന് ഞാൻ മനസ്സിലാക്കിയത് എൻറെ നല്ലവരായ സുഹൃത്തുക്കളിൽ നിന്നാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോവിഡ്-19 പ്രതിരോധ ക്ലാസും കേട്ട് എനിക്ക് കിട്ടിയ മഞ്ഞകാർഡും പിടിച്ചു ഇറങ്ങുന്ന സമയത്ത് അവിടെ ഞങ്ങൾക്കായി കരുതിയിരുന്ന ചപ്പാത്തിയും, ഏത്തപ്പഴവും, വെള്ളവും എടുക്കാൻ ഞാൻ മറന്നില്ല. സ്നേഹ സമ്പന്നരായ കേരള പോലീസുകാർ കാണിച്ചുതന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറുമ്പോൾ എടുത്താൽ പൊങ്ങാത്ത എന്റെ രണ്ടു പെട്ടികളെ എങ്ങനെ ബസിൽ കയറ്റും എന്ന് ആലോചിച്ചു വിഷമിച്ചപ്പോൾ ആണ് നല്ലവരായ എന്റെ പ്രവാസി സഹയാത്രികർ സഹായ ഹസതവുമായി ഓടിയെത്തിയത്‌. അങ്ങിനെ അവരുടെ സഹായത്തോടെ ബസിൽ കയറിക്കൂടി. അപ്പോഴും ആ ബസിൽ ഞങ്ങളെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് ഞാൻ ചോദിച്ചില്ല. ചോദിക്കാൻ തോന്നാത്തത് എന്താണെന്ന് ഇന്നും ഞാൻ അത്ഭുതത്തോടെ ഓർത്തു നോക്കി. ഒരുപക്ഷേ, നമ്മുടെ സർക്കാർ പ്രവാസികളോട് കാണിക്കുന്ന കരുതൽ ആലോചിച്ച് ആയിരിക്കാം.

ഞങ്ങളെല്ലാം ബസ്സിൽ കയറി എന്ന് ബോധ്യമായപ്പോൾ ഡ്രൈവർ കയറി ബസ് സ്റ്റാർട്ട് ചെയ്തു. മുന്നിലുണ്ടായിരുന്ന പോലീസ് വാഹനത്തെ പിന്തുടർന്ന് കൊണ്ട് ഞങ്ങളുടെ ബസ് ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ കുന്നമംഗലത്ത് ഐ.ഐ.എം (Indian institute of Management) എന്ന സ്ഥാപനത്തിൽ എത്തി. അവിടെയെത്തിയപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത് ഐ.എം കുന്നമംഗലം ആണെന്ന്. പിന്നെ ഒട്ടും വൈകാതെ എനിക്കായി അനുവദിച്ച മുറിയിൽ ഞാൻ എത്തപ്പെട്ടു. കോവിഡ് പേടി എന്നെ വല്ലാതെ അലട്ടിയിരുന്നു. അതിനാൽ തന്നെ ആദ്യം കുളിക്കണം എന്നാണ് മനസ്സിൽ. റൂം ആണെങ്കിൽ നല്ല വലുപ്പമുള്ള ഒന്നാന്തരം മുറി. ഒരാൾക്ക് താമസിക്കാൻ വേണ്ടുന്ന എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. സോപ്പ്, പേസ്റ്റ്, ബ്രഷ്, പ്ലേറ്റ്, ഗ്ലാസ്സ്, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് അങ്ങിനെ തുടങ്ങിയവ… പിന്നെ കുളിമുറിയിൽ പോയി നന്നായി ഒന്ന് കുളിച്ചു.

കുളി കഴിഞ്ഞ് റൂമിലേക്ക് കയറിയപ്പോഴാണ് ഞാനെന്‍റെ സാരിയെ കുറിച്ച് ഓർത്ത്. ഞാൻ ഏറെ ഇഷ്ടപ്പട്ടിരുന്ന എന്റെ പട്ടുസാരി. ദുബൈയിൽ നിന്നും ഞാൻ അത് എടുത്ത് ബേഗിൽ വെച്ചില്ലെ എന്നൊരു സംശയം. ഉടനെ തന്നെ ഞാനെന്റെ ആദ്യത്തെ പെട്ടി തുറന്നു ഓരോരോ സാധങ്ങളും എടുത്ത് വെച്ച് പരിശോധിച്ചു. പൊതുവേ ഞാൻ നാട്ടിലേക്ക് വരുമ്പോൾ അധികം സാധനങ്ങൾ ഒന്നും തന്നെ വാങ്ങിക്കാറില്ല. മോൾ ഉള്ളതുകൊണ്ട് ഇത്തവണ അവൾക്ക് സ്കൂളിലേക്ക് ആവശ്യമായ പൗച്ച്, സ്പ്രേ, പിന്നെ ഒരു ക്യൂട്ട് ടീ ട്രേ, ക്രീമുകൾ, പലതരത്തിലുള്ള ഇമിറ്റേഷൻ കമ്മലുകൾ, ഒരു മിഠായി പാക്കറ്റ്, ബൈബിൾ വെക്കുന്ന ഒരു ട്രേ എൻറെ ഡ്രസ്സുകൾ, അതായത് ജീൻസ്, ഞാൻ ധരിക്കുന്ന പാൻസുകൾ, ഓഫീസിൽ ഉപയോഗിക്കുന്ന കോട്ടും സ്യൂട്ടും അങ്ങിനെ എല്ലാം ഉണ്ട് അതിൽ. പക്ഷേ, ഞാൻ അന്വേഷിച്ച എന്റെ നീല സാരി മാത്രം അതിലില്ല.

അടുത്തതായി ഞാൻ എന്റെ പച്ച കളറുള്ള പെട്ടി തുറന്നു സങ്കടത്തോടെ എല്ലാം വാരി വലിച്ചിട്ടു. കിട്ടി, ഞാൻ തിരഞ്ഞ എനിക്കിഷ്ടപ്പെട്ട എന്റെ സാരി അതിലുണ്ടായിരുന്നു. സാരി കിട്ടിയ സന്തോഷത്തോടെ വലിച്ച് വാരിയിട്ട സാധങ്ങൾ എല്ലാം തന്നെ തിരിച്ച് അതേ പോലെ തന്നെ പാക്ക്‌ ചെയ്തു വെച്ചു. പിന്നെ സമാധാനത്തോടെ ഒരു ഉറക്കം പാസാക്കി.

പൊട്ടിച്ച പെട്ടി രണ്ടാമതും പേക്ക്‌ ചെയ്തു വെച്ചപ്പോൾ പെട്ടി പൂട്ടാൻ മനപ്പൂർവ്വം ഞാൻ മറന്നതാണോ എന്നറിയില്ല. എന്തായാലും പെട്ടി പൂട്ടിയില്ല. ഒരുപക്ഷേ അതിനുള്ള കാരണം, ഞാൻ മാത്രമേ ആ റൂമിൽ ഉള്ളൂ എന്നത് കൊണ്ടാവും എന്നെ അങ്ങിനെ ചെയ്യാൻ പ്രേരിപ്പിച്ചത്. അറിയില്ല. നല്ല ഫുഡ്, സഹോദരങ്ങളെപ്പോലെ പെരുമാറുന്ന വോളണ്ടിയർമാർ, നല്ല മാനേജർ, ഹെൽത്ത് ഇൻസ്പെക്ടർ, ഡോക്ടർ അങ്ങനെ അവിടെ ഒന്നിനും ഒരു കുറവും, പരാതിയും പറയാൻ എനിക്ക് ഉണ്ടായിരുന്നില്ല. ആറാം ദിവസം സ്വാബ് ടെസ്റ്റിനു വേണ്ടി എനിക്കൊരു അരമണിക്കൂർ അവിടെനിന്നും ഒന്ന് താഴത്തെ നിലയിലേക്ക് പോകേണ്ടതായി വന്നു എന്നതൊഴിച്ചാൽ മുറിയിൽ നിന്നും ഒരു മിനിറ്റ് പോലും ഞാൻ മാറി നിന്നിട്ടില്ല.

11 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് സ്വാബ്ബ് റിപ്പോർട്ട് നെഗറ്റീവ് ആണെന്ന സന്തോഷത്തോടെ 10/06/2020-ന് ഞാൻ വീട്ടിൽ എത്തി. ഉപാധികൾ കർശനമാകയാലും ഈ ലോകത്തിൽ എല്ലാത്തിലും വലുത് എനിക്ക് എൻറെ മാതാപിതാക്കളും, മകളും ആണെന്നതിനാൽ ഞാൻ ഒറ്റയ്ക്ക് വീട്ടിൽ ക്വാറന്റൈൻ കർശനമായി തന്നെ നോക്കി. ഞാനും എന്റെ മുറിയും പിന്നെ എന്റെ പെട്ടികളും മാത്രമായൊരു ലോകം. ഇടയ്ക്ക് ഞാനൊന്നു എന്റെ പെട്ടി പൊക്കി നോക്കിയിരുന്നു. അപ്പോഴാണ് മനസ്സിലാകുന്നത് പെട്ടിക്കൊരു ഭാരക്കുറവ് ഉള്ളത് പോലെ. ഞാനത് കാര്യമായി എടുത്തില്ല. പെട്ടി തുറക്കാനൊന്നും പോയില്ല, കാരണം അതിൽ മോൾക്ക് ഉള്ള സാധങ്ങൾ ആണല്ലോ, അപ്പോ അവള് തന്നെ തുറന്നോളും എന്ന് കരുതി. സ്വന്തം വീട്ടിൽ ആയിരുന്നപ്പൊഴും ഇക്കാലയളവിൽ മോളെയും അമ്മയെയും അപ്പച്ചനെയും കണ്ടിരുന്നത് വീഡിയോ കോളിൽ ആയിരുന്നു.

സർക്കാർ 14 ദിവസത്തെ ക്വാറന്റൈൻ ആണ് പറഞ്ഞത് എങ്കിലും ഞാൻ രണ്ടു ദിവസം കൂടെ നീട്ടി അത് 16 ദിവസമാക്കി. അങ്ങനെ 16 /06/2020-ന്‌ മാസ്ക് ധരിച്ചുകൊണ്ട് മാതാപിതാക്കളുടെയും എൻറെ മകളുടെയും മുമ്പിലെത്തി അവരെ സ്നേഹത്തോടെ ആലിംഗനം ചെയ്തു. പിന്നീട് പെട്ടി തുറക്കാൻ വേണ്ടി എടുത്തു. പെട്ടിക്കാണെൽ ഭാരക്കുറവ് ഉള്ളത് അപ്പോഴും എനിക്ക് ഫീൽ ചെയ്തു. മോളാണെങ്കിൽ അവളുടെ സാധങ്ങൾ കിട്ടാനായി ആർത്തിയോടെ പെട്ടിയും നോക്കി നിൽക്കുന്നു.

പെട്ടി തുറന്നപ്പോൾ ശരിക്കും സങ്കടമായി. കാരണം ഞാൻ എന്റെ മോൾക്കായി മേടിച്ച് കൂട്ടിയ സാധങ്ങൾ ഒന്നും തന്നെ അതിലില്ല എന്ന് മാത്രമല്ല മറ്റു വിലപ്പെട്ട പലതും നഷ്ടമായിരിക്കുന്നു. ഞാൻ ഓഫീസിൽ പോകുമ്പോൾ ധരിച്ചിരുന്ന സ്യൂട്ട്‌സ്, ജീൻസ് വീട്ടിലിടാനുള്ള പേന്റ്സ് അങ്ങനെ പലതും.

മോളുടെ സാധങ്ങൾ ഒന്നും അതിലില്ല എന്ന് കണ്ടപ്പോൾ മോൾക്ക് സങ്കടം സഹിക്കാൻ വയ്യാതായി. കുഞ്ഞിന്റെ സങ്കടം കണ്ടപ്പോൾ എനിക്ക് ആകെ വിഷമമായി. എങ്കിലും ഞാൻ എന്റെ മോളോട് പറഞ്ഞു, മോള് വിഷമിക്കേണ്ട നമ്മളെക്കാൾ കഷ്ടത അനുഭിക്കുന്നവർ ഐ.ഐ.എം-ഇല്‍‌ വന്നിട്ടുണ്ടാകാം. ഒരുപക്ഷേ അവർ എടുത്തതാവാം അത്. ദൈവ കാരുണ്യത്താൽ എനിക്കൊന്നും പറ്റിയില്ലല്ലോ. പിന്നെ മറ്റെ ബേഗിൽ നിന്നും ഒന്നും പൊയില്ലല്ലോ. ദൈവത്തിനു നന്ദി പറയൂ.

ആരോടും പരാതിയില്ല. പരിഭവമില്ല. ഒരുപക്ഷേ എന്റെ മോൾക്ക് അതിനുള്ള വിധി ഉണ്ടാകില്ലായിരിക്കാം.
പക്ഷേ, ഒന്നുണ്ട്, എന്‍റെ മോൾക്ക്‌ വേണ്ടി ഞാൻ കൊണ്ട് വന്ന സാധങ്ങൾ ആരെടുത്താലും അവർ ഒന്നോർക്കുക. പലരും പല സാധനങ്ങളും മക്കൾക്കും മാതാപിതാക്കൾക്കും വേണ്ടി വാങ്ങിച്ച് അത് നാട്ടിലേക്ക് വരുന്നതിനു മുമ്പായി തന്നെ അതിന്റെയെല്ലാം ഫോട്ടോ എടുത്ത് നാട്ടിലേക്ക് അയച്ച് കൊടുത്തിട്ടുണ്ടാകും. ഇതെല്ലാം കണ്ട് ഒത്തിരി പ്രതീക്ഷയോടെ അത് കയ്യിൽ കിട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നവരോട് എല്ലാം പോയി എന്ന് പറയേണ്ടി വരുന്ന ഒരു മാനസികാവസ്ഥ ഇതെടുക്കുന്ന ആളുകൾ മനസ്സിലാക്കിയിരുന്നെങ്കിൽ!!

ജീവനും കയ്യിൽ പിടിച്ചു കിട്ടിയതെല്ലാം പെറുക്കി കൂട്ടി ഇനി എന്ത് എന്ന് ആലോചിച്ച് വരുന്ന ആളുകളോടിത്തിരി മനസാക്ഷി കാണിക്കൂ…

സൗജന്യ സേവനം സർക്കാർ തന്നത് സന്തോഷത്തോടെ വാങ്ങി നന്ദി വാക്ക് പറഞ്ഞു മടങ്ങുന്നവരേ കൊണ്ട് നല്ലവരായ ക്വോറന്റൈൻ സംഘാടകരെ ശപിക്കാൻ ഇടയാക്കാതിരിക്കൂ…

കുറിപ്പ്: ഇൗ പോസ്റ്റ് ഒരാളെയും കുറ്റപ്പെടുത്താനോ, അല്ലെങ്കിൽ എനിക്ക് സർക്കാർ നൽകിയ സൗകര്യങ്ങൾ കുറച്ച് കാണുന്നതിനോ വേണ്ടി അല്ല. എനിക്ക് അവിടെ ലഭിച്ച എല്ലാ സേവനങ്ങളും ഒന്നിനൊന്ന് മികച്ചത് തന്നെയായിരുന്നു. പിന്നെ എന്റെ സാധങ്ങൾ നഷ്ടപ്പെട്ടത് ഒരുപക്ഷേ എന്റെ അശ്രദ്ധ കൊണ്ടാവാം, എങ്കിലും നമ്മുടെ വിലപിടിപ്പുള്ള സാധനങ്ങൾ നമ്മുടെ തന്നെ ഉത്തരവാദിത്വത്തിൽ സൂക്ഷിക്കുക എന്ന മുന്നറിയിപ്പിന് വേണ്ടിയും, എന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്‌ ഇൗ വിവരം എത്തിച്ച് അവർക്ക് ഇതിനെ കുറിച്ച് ഒരു ബോധവൽക്കരണം എന്നും കൂടി ഉദ്ദേശിച്ചാണ് ഇങ്ങനെ ഒരു പോസ്റ്റ്.

സസ്നേഹം,
സിജി തോമസ്

Related Articles

Back to top button