LatestThiruvananthapuram

പുതുവത്സരദിനത്തിൽ കെ സ്മാർട്ട് പദ്ധതി ആരംഭിക്കും

“Manju”

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കേരള സർക്കാർ. ജനുവരി ഒന്ന് മുതലാണ് ഈ സംയോജിത സോഫ്റ്റ് വെയര്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കുക. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.

ഉദ്യോഗസ്ഥനും പൊതുജനങ്ങൾക്കും പ്രത്യേകം ലോഗിൻചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം ആപ്പിലുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകുമെന്നതിനാൽ ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നതും ഗുണമാണ്. സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചുവെക്കാനും സംവിധാനമുണ്ട്. മുഖം തിരിച്ചറിഞ്ഞും ഫോണിലെത്തുന്ന ഒ.ടി.പി. മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കുന്നത്. വ്യക്തികളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണിത്.

കെ സ്മാർട്ട് പദ്ധതിയുടെ ചില സവിശേഷതകൾ :  

ചട്ടപ്രകാരമുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങള്‍ക്കുള്ളില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ ഓൺലൈനായി ലഭ്യമാവും.

ജനനമരണ രജിസ്ട്രേഷന്‍ രജിസ്ട്രേഷന്‍, തിരുത്തല്‍ എന്നിവ ഓൺലൈനായി ചെയ്യാം.

സര്‍ട്ടിഫിക്കറ്റുകള്‍ ഇമെയിലായും വാട്സപ്പിലൂടെയും ലഭ്യമാവും.

എവിടെ നിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന്‍ സാധ്യമാവും. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമാണ്.

രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് സംരംഭകർക്ക് ലൈസന്‍സ് ഓണ്‍ലൈനായി സ്വന്തമാക്കി വ്യാപാരവ്യവസായ സ്ഥാപനം ആരംഭിക്കാം.

കെട്ടിട നമ്പര്‍ ലഭിക്കുക, കെട്ടിട നികുതി അടക്കുക തുടങ്ങിയവ ഓണ്‍ലൈനായിരിക്കും.

പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം കെസ്മാർട്ടിൽ ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സംവിധാന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഡാഷ് ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓ‍ഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാ പനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കപ്പെടും.

ഈ സൗകര്യങ്ങള്‍ എല്ലാം തന്നെ ലഭ്യമാകുന്ന കെസ്മാര്‍ട്ട് മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ഓഫീസ് കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും സ്മാർട്ട് ഫോൺ മുഖേന നേടാനാവും. ആദ്യം നഗരങ്ങളില്‍ നടപ്പാകുന്ന കെസ്മാര്‍ട്ട്, 2024 ഏപ്രില്‍ 01 മുതല്‍ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിക്കും. അതോടുകൂടി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നിലവില്‍ വരും.

Related Articles

Back to top button