IndiaKeralaLatest

ഭാരതത്തിന്റെ ബഹുസ്വരതയ്ക്ക് ശാന്തിഗിരി നൽകുന്ന സംഭാവനകൾ അനന്യം – പത്മശ്രീ ഡോ. എം . എ.യൂസഫലി

“Manju”

പോത്തൻകോട് : ഭാരതത്തിന്റെ ബഹുസ്വരതയ്ക്ക് ശാന്തിഗിരി ആശ്രമം നൽകുന്ന സംഭാവനകൾ അനന്യമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി. ശാന്തിഗിരിയിലെ നവപൂജിതം ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പേരിൽ തന്നെ ‘കരുണ’ യുള്ള ഗുരുവാണ് ശ്രീകരുണാകരഗുരു. കരുണയാണ് ലോകത്തിന്റെ കാതൽ. ഗുരു സമൂഹത്തിന് പകർന്നു നൽകിയതും കരുണയാണ്. മാതാപിതാക്കളോട് കരുണ ചെയ്യണമെന്നും അങ്ങനെ ചെയ്യാത്തവൻ വിജയിക്കുകയില്ലെന്നും അദ്ധേഹം പറഞ്ഞു. കഷ്ടപ്പാടിന്റെ കാലത്തും തന്നെക്കാണാൻ ഇവിടെയെത്തുന്നവർക്ക് ഗുരു ഭക്ഷണം കൊടുക്കാതെ വിടില്ലായിരുന്നു .

ഗുരുദർശനങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും മതേതരത്വത്തിന് വേണ്ടി സംസാരിക്കുന്ന ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയോടും ആശ്രമത്തിലെ സന്യാസിമാരോടുമുള്ള സ്നേഹബന്ധത്തെ ഏറെ മൂല്യത്തോടെ കാണുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. നവപൂജിതം സുവനീറിന്റെ പ്രകാശനം ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ. നെറ്റോ എം. എ യൂസഫലിക്ക് നൽകി നിർവഹിച്ചു.കേരള പോലീസ് സേനയിൽ 35 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയ ഫയർ ആൻഡ് റെസ്ക്യൂ സർവിസ്, ഹോം ഗാർഡ് & സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബി.സന്ധ്യ ഐ.പി.എസിനെ യൂസഫലിയും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് നവപൂജിതം വേദിയിൽ ആദരിച്ചു.

ഭക്ഷ്യസിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നവപൂജിതം സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർനാന്റോ എം. പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഗുരുധർമ്മ പ്രകാശസഭ അംഗങ്ങൾ ചേർന്ന് ഗോവ ഗവർണറെയും ശ്രീലങ്കൻ മന്ത്രിയേയും എം.എ. യൂസഫലിയേയും സ്നേഹോപഹാരം നൽകി ആദരിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിധ്യമായി. ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആർ. പദ്മകുമാർ, സിന്ദുരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ.അനിൽ, ഡോ.കെ. ഓമനക്കുട്ടി, ഡോ.എം. കമലലക്ഷമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ഇന്റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി സ്വാഗതവും ഹെൽത്ത്കെയർ വിഭാഗം പേട്രൺ ഡോ.കെ.എൻ. ശ്യാമപ്രസാദ് കൃതജ്ഞതയും പറഞ്ഞു.

രാവിലെ ഹെലികോപ്റ്ററിൽ ആശ്രമം റിസർച്ച് സോണിലെത്തിയ എം.എ.യൂസഫലിയെ ആശ്രമം ജനറൽ സെക്രട്ടറിയും സന്യാസിമാരും ചേർന്ന് സ്വീകരിച്ചു. നവപൂജിതം സമ്മേളനത്തിനു ശേഷം ആശ്രമത്തിന്റെ സ്പിരിച്വൽ സോൺ സന്ദർശിച്ച് താമരപർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തി. അൽപ്പനേരത്തെ സൗഹൃദസംഭാഷണത്തിനു ശേഷം ഉച്ചയോടെ അദ്ധേഹം മടങ്ങി. ആയിരങ്ങളാണ് അദ്ധേഹത്തെ കാണാൻ ശാന്തിഗിരിയിലേക്ക് ഒഴുകിയെത്തിയത്.

Related Articles

Back to top button