IndiaLatest

ഇന്ത്യയിലെ ആദ്യ സോളാര്‍ എ.സി. ബസ് കണ്ണൂരില്‍

“Manju”

നാട്ടിന്‍പുറത്ത് കൂടി സര്‍വീസ് നടത്തുന്ന ബസില്‍ എ.സി. സൗകര്യമൊക്കെ ഒരുക്കിയാല്‍ എങ്ങനെയിരിക്കും. ഈ സൗകര്യമാണ് കണ്ണൂര്‍-കണ്ണാടിപറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സംഗീത് എന്ന ബസില്‍ ഒരുക്കിയിരിക്കുന്നത്.

എയര്‍ കണ്ടീഷന്‍ സംവിധാനത്തിലുള്ള റൂട്ട് ബസ് എന്നതിലുപരി സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എ.സി. എന്നതാണ് ഈ ബസില്‍ ഒരുക്കിയിട്ടുള്ള സംവിധാനത്തിന്റെ സവിശേഷത. വാഹനത്തിന്റെ എന്‍ജിനുമായി ബന്ധിപ്പിക്കാതെ പൂര്‍ണമായും സോളാര്‍ പവറില്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന എയര്‍ കണ്ടീഷന്‍ സംവിധാനമൊരുക്കിയ ഇന്ത്യയിലെ ആദ്യ സര്‍വീസാണ് സംഗീതിന്റേതെന്നാണ് ബസുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ഈ ബസ് സര്‍വീസ് ആരംഭിച്ചത്.

ഏറെ നാളത്തെ പരിശ്രമത്തിന്റെ വിജയമാണ് ബസിലെ ഈ സോളാര്‍ എ.സി. സംവിധാനം. കൂള്‍ വെല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഫെസിലിറ്റി മാനേജ്‌മെന്റ് എന്ന കമ്പനിയാണ് ബസില്‍ സോളാര്‍ എ.സി. സംവിധാനം ഒരുക്കിയിരിക്കുന്നത്. ബസുടമ സതീഷിന്റെ ആഗ്രഹ പ്രകാരം കമ്പനിയുടെ സോളാര്‍ ഡിവിഷനും എയര്‍ കണ്ടീഷന്‍ വിഭാഗവും റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടീമും ചേര്‍ന്നാണ് ഈ സംവിധാനത്തിന് രൂപം നല്‍കിയത്. ഒന്നരമാസത്തിലധികം നീണ്ട് ട്രയല്‍ റണ്ണിന് ശേഷമാണ് ഈ സംവിധാനം ഇപ്പോഴുള്ള രൂപത്തില്‍ എത്തിച്ചിരിക്കുന്നത്.

സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എ.സിയാകുമ്പോള്‍ വെയില്‍ ഇല്ലാത്ത സാഹചര്യങ്ങളിലും പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി പവര്‍ ബാക്ക്അപ്പ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. അഞ്ച് മണിക്കൂറില്‍ അധികം എ.സി. പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബാറ്ററി സംവിധാനമാണ് ഇതില്‍ കൊടുത്തിട്ടുള്ളത്. ലിഥിയം അയേണ്‍ ബാറ്ററിയുടെ വേരിയന്റായ ലൈഫ് പി.ഒ.4 ബാറ്ററികളാണ് പവര്‍ ബാക്ക്അപ്പിനായി ഈ ബസില്‍ നല്‍കിയിട്ടുള്ളത്.

വീടുകളിലും മറ്റും നല്‍കുന്ന സാധാരണ എ.സിയാണ് ബസിലും ഉപയോഗിച്ചിരിക്കുന്നത്. എ.സി. വെന്റുകള്‍ ബസിന്റെ മുന്നില്‍ നല്‍കുകയും ഔട്ട്‌ഡോര്‍ ബസിന്റെ പിന്നിലായുള്ള സ്‌റ്റോറേജ് സ്‌പേസിലുമാണ് നല്‍കിയിരിക്കുന്നത്. ബ്രെഷ്‌ലെസ് ഡയറക്ട് കറന്റ് (ബി.എല്‍.ഡി.സി.) ടെക്‌നോളജിയിലുള്ള എ.സിയാണ് സോളാര്‍ എയര്‍ കണ്ടീഷന്‍ സംവിധാനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്‍വെര്‍ട്ടര്‍ എ.സിയെക്കാള്‍ പവര്‍ സേവ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ബി.എല്‍.ഡി.സി. എ.സിയുടെ സവിശേഷത.

ബസില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം വരുത്തിയതോടെ ചാര്‍ജില്‍ വര്‍ധനവുണ്ടാകുമെന്ന ആശങ്കയ്ക്കും സ്ഥാനമില്ലെന്നതും മറ്റൊരു നേട്ടമാണ്. എ.സി. സ്ഥാപിക്കുമ്പോള്‍ വരുന്ന ചെലവ് അല്ലാതെ ഇതിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേകം പണം ആവശ്യമില്ലാത്തതിനാല്‍ തന്നെ കൂടുതല്‍ പണം ഈടാക്കേണ്ട ആവശ്യമില്ലെന്നാണ് ബസുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വാഹനത്തിന്റെ എന്‍ജിനുമായോ ഡീസലുമായോ ബന്ധമില്ലാതെ പൂര്‍ണമായും സോളാര്‍ പ്രവര്‍ത്തിപ്പിക്കുന്ന എ.സി. നല്‍കുന്നത് ഇതാദ്യമാണെന്നും ഇവര്‍ അവകാശപ്പെടുന്നു.

Related Articles

Back to top button