KeralaLatest

കൊല്ലം-ആലപ്പുഴ റൂട്ടില്‍ ബോട്ടില്ല

“Manju”

സ്വദേശികളും വിദേശികളുമായി യാത്രക്കാരേറെയുണ്ടെങ്കിലും കൊല്ലം-ആലപ്പുഴ റൂട്ടില്‍ ബോട്ടില്ല. കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പുനരാരംഭിച്ചിട്ടില്ല. ജലഗതാഗതവകുപ്പിന്റെ വെബ്‌സൈറ്റില്‍ സര്‍വീസ് കാണിക്കുന്നതിനാല്‍ ഒട്ടേറെപ്പേരാണ് ബോട്ടന്വേഷിച്ചെത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

രാവിലെ 10.30-ന് കൊല്ലം, ആലപ്പുഴ ജെട്ടികളില്‍നിന്നു പുറപ്പെട്ട് വൈകീട്ട് 6.30-ന് ആലപ്പുഴയിലും കൊല്ലത്തും യഥാക്രമമെത്തുന്ന രണ്ടുബോട്ടുകളാണ് സര്‍വീസ് നടത്തിയിരുന്നത്. എട്ടുമണിക്കൂര്‍ യാത്രയ്ക്ക് 600 രൂപയാണ് ചാര്‍ജ്. വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന ഈ പാതയിലൂടെയുള്ള ജലഗതാഗതം എത്രയുംവേഗം പുനരാരംഭിക്കണമെന്നാണ് ബോട്ടുജീവനക്കാരുടെ ആവശ്യം.

ബോട്ടുകള്‍ കേടായതിനാലാണ് സര്‍വീസ് പുനരാരംഭിക്കാത്തതെന്ന് അധികൃതര്‍ അറിയിച്ചതായി സ്രാങ്ക് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സ്രാങ്ക് അസോസിയേഷന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനു നിവേദനം നല്‍കിയിട്ടുണ്ട്.

സര്‍വീസ് പുനരാരംഭിക്കാത്തത് ചാലുകളിലെ തടസ്സം കാരണമാണെന്നാണ് ജലഗതാഗതവകുപ്പ് പറയുന്നത്. രണ്ടുവര്‍ഷത്തോളം സര്‍വീസ് നിര്‍ത്തിവെച്ചതോടെ ചാലുകളില്‍ മണലടിഞ്ഞ് ആഴംകുറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് ഡ്രഡ്ജിങ് പൂര്‍ത്തിയാക്കി സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശീലനയോട്ടം നടത്തിയിരുന്നു. ഇതിനിടെ വീണ്ടും ഒട്ടേറെ തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. എട്ടുമണിക്കൂറോളം യാത്രയുള്ളതിനാല്‍ ഇടയ്ക്ക് തടസ്സമുണ്ടായാല്‍ മറ്റൊരു ബോട്ട് എത്തിക്കുക പ്രായോഗികമല്ല.
പലയിടങ്ങളിലും ചാലില്ലാത്ത ഭാഗങ്ങളില്‍ റൂട്ട് അടയാളപ്പെടുത്തിയതും പ്രതിസന്ധിയാണ്. ചാലുകളില്‍ കൃത്യമായ പരിശോധനയും സംരക്ഷണവും ആവശ്യമാണെന്നും അതില്ലാത്തതാണ് പ്രശ്‌നത്തിനു കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. റൂട്ടില്‍ ഉയരംകുറഞ്ഞ പാലങ്ങളുള്ളതും പ്രതിസന്ധിയാണ്. വേലിയേറ്റസമയത്ത് യാത്ര തടസ്സപ്പെടും. മുന്‍പു വേലിയിറക്കസമയത്ത് ആഴം കുറവായതിനാല്‍ ബോട്ട് പാറയിലും മറ്റും തടഞ്ഞുനിന്നു തടസ്സപ്പെട്ടിരുന്നു. പിന്നീട് പോകണമെങ്കില്‍ വേലിയേറ്റംവരെ കാത്തിരിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കില്‍ മാത്രമേ സര്‍വീസ് പുനരാരംഭിക്കാനാവൂ. മുന്‍മന്ത്രി ആന്റണി രാജുവിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

ജലപാതയുടെ പരിപാലനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ടുണ്ടെങ്കിലും വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് വിമര്‍ശനം. അറ്റകുറ്റപ്പണി പലഭാഗങ്ങളായി തിരിച്ചാണ് ചെയ്യുന്നത്. അതിനാല്‍ പലപ്പോഴും പ്രവര്‍ത്തികള്‍ വൈകുന്നു. റോഡില്‍ ചെയ്യുന്നത് പോലെ ജലഗതാഗതത്തിലും കൃത്യമായ പരിശോധനകളും അറ്റകുറ്റപ്പണികളും വേണ്ടിവരുമെന്നാണ് അധികൃതരുടെ പക്ഷം.

Related Articles

Back to top button