InternationalLatest

എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ സംഘത്തില്‍ അവശേഷിക്കുന്നത് രണ്ട് ഭീകരര്‍ മാത്രം

“Manju”

ഇസ്ലാമാബാദ് : 1999ല്‍ കാണ്ഡഹാറില്‍ വച്ച്‌ എയര്‍ ഇന്ത്യ ഐ സി 814 വിമാനം റാഞ്ചിയ അഞ്ച് ഭീകരരില്‍ ഒരാളെ കൂടി അജ്ഞാത സംഘം വെടിവച്ചുകൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. കറാച്ചിയില്‍ വച്ച്‌ ഭീകരനായ സഫറുള്ള ജമാലിനെയാണ് അജ്ഞാത സംഘം വെടിവച്ചു കൊന്നത്.

വിമാന റാഞ്ചലില്‍ പങ്കുണ്ടായിരുന്ന മറ്റൊരു ഭീകരനായ സഹൂര്‍ മിസ്ട്രി (സാഹിദ് അഖൂന്‍ദ്) ഈ മാസം ആദ്യം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ വിമാനം റാഞ്ചിയ അഞ്ച് ഭീകരരില്‍ ഇനി രണ്ട് പേര്‍ മാത്രമാണ് ജീവനോടെ അവശേഷിക്കുന്നത്. വിമാനം റാഞ്ചിയ ഭീകരസംഘത്തിന്റെ തലവനായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ട സഫറുള്ള ജമാലി.ഈ മാസം ആദ്യം ബൈക്കിലെത്തിയ തോക്കുധാരികളായ രണ്ട് പേരാണ് സഹൂര്‍ മിസ്ത്രിയെ വീട്ടില്‍ കയറി വെടിവച്ചു കൊന്നത്. അക്രമത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മാസ്‌കും ഹെല്‍മറ്റും വച്ചതിനാല്‍ അക്രമികളെ തിരിച്ചറിയാനായിട്ടില്ല.

മാര്‍ച്ച്‌ ഒന്നിന് നടന്ന സംഭവം ഒരാഴ്ച കഴിഞ്ഞു മാത്രമാണ് പുറത്ത് വന്നത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സഹൂര്‍ മിസ്ത്രി ഫര്‍ണിച്ചര്‍ കട നടത്തുന്ന ബിസിനസുകാരനെന്ന വ്യാജേന കറാച്ചിയിലെ അക്താര്‍ കോളനിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സാഹിദിന്റെ മരണത്തോടെ, കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ പങ്കെടുത്ത അഞ്ചുപേരില്‍ രണ്ടുപേര്‍ മാത്രമാണ് പാകിസ്ഥാനില്‍ ജീവനോടെ ശേഷിച്ചിരുന്നത്.പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സുരക്ഷയില്‍ കഴിയുന്ന ഭീകരരെ കൊലപ്പെടുത്തിയ അജ്ഞാതരെ ഇനിയും കണ്ടെത്താന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചല്‍ നടന്നത് 1999 ഡിസംബര്‍ 24നായിരുന്നു. ഇന്ത്യന്‍ ജയിലിലുള്ള മൂന്ന് ഭീകരരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അഞ്ച് പാക് ഭീകരര്‍ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നു ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ സി 814 എയര്‍ബസ് എ 300 വിമാനം റാഞ്ചിയത്. പലവട്ടം തിരിച്ചുവിട്ട് ഒടുവില്‍ വിമാനം കാണ്ഡഹാറിലേക്കു കൊണ്ടുപോകുകയായിരുന്നു. 176 യാത്രക്കാരെയും 16 വിമാന ജീവനക്കാരുടെയും ജീവന്‍ വച്ച്‌ വിലപേശിയ റാഞ്ചികള്‍ക്ക് മുന്നില്‍ ഒടുവില്‍ അന്നത്തെ അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. രാജ്യാന്തര ഭീകരരായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ര്‍ അല്‍വി, സയ്യിദ് ഒമര്‍ ഷെയ്ഖ്, മുസ്താഖ് അഹമ്മദ് സര്‍ഗാര്‍ എന്നിവരെ അന്ന് കൈമാറേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 31നാണ് വിമാനറാഞ്ചല്‍ നാടകത്തിന് തിരശീല വീണത്.

Related Articles

Back to top button