LatestThiruvananthapuram

വിവാഹജീവിതത്തിൽ ഗൃഹധർമ്മം, പിതൃധർമ്മം എന്നിവ പ്രധാനം : സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : വിവാഹജീവിതത്തിൽ ഗൃഹധർമ്മം, പിതൃധർമ്മം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ശാന്തിഗിരി സോഷ്യൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിന്റെ ‘മംഗല്യശ്രീ’ പദ്ധതി പ്രകാരം ജനുവരി 21 വൈകുന്നേരം 7 മണിക്ക് ഓൺലൈനായി നടന്ന പ്രീ-മാരിറ്റൽ കൗൺസിലിംഗിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
വാക്ക്, പ്രവൃത്തി എന്നിവയിലുള്ള ഔന്നത്യം വിവാഹജീവിതത്തിൽ അഭികാമ്യമാണ്. അവിടെ ദു:ഖം സഹിച്ചായാലും പരസ്പര സ്നേഹത്തെ വീണ്ടെടുക്കണം. വിശേഷവിധിയായി വഹിക്കപ്പെടേണ്ടതാണ് വിവാഹം. വിവാഹജീവിതം അടുക്കോടെയും ചിട്ടയോടെയും കൊണ്ടുപോകുന്നതിനായി പാലിക്കേണ്ട അനുഗുണങ്ങളാണ് സ്നേഹം, വിനയം, വിട്ടുവീഴ്ച, പരസ്പരമുള്ള ആദരവും ബഹുമാനവും, വാക്കുകൾ സൂക്ഷിച്ചും മനസ്സു തുറന്നുമുള്ള സംസാരം, ആത്മനിയന്ത്രണം, അവനവനോടുള്ള സത്യസന്ധത, പ്രവൃത്തി എന്നിവയിലുള്ള ഔന്നത്യം മുതലായവ. ഇതിനെല്ലാം പുറമേ മനസ്സിന്റെ സങ്കല്പം, പ്രാർത്ഥന എന്നിവ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. വിവാഹജീവിതത്തിലെ വിവിധ ഘട്ടങ്ങളെ തരണം ചെയ്തുപോകാനുള്ള അറിവ് ദമ്പതിമാർ വളർത്തിയെടുക്കണം.

വിവാഹത്തിലേർപ്പെടുന്ന വധൂവരന്മാർ പരസ്പരം രമ്യതയോടെ പ്രശ്നങ്ങൾ പരിഹരിച്ചു പോകണം. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ മാത്രം ഗുരുവിങ്കൽ ചോദിച്ചറിയുക. വിവാഹജീവിതത്തിലൂടെ നന്മയുള്ള യോഗ്യതയുള്ള സത്സന്താനങ്ങളുണ്ടായി വരുക എന്നതാണ് ഗുരുവിന്റെ പ്രധാന ഉദ്ദേശ്യമെന്നും സ്വാമി പറഞ്ഞു.

കൗൺസിലിംഗിൽ ശാന്തിഗിരി ആർട്ട്സ് ആൻ്റ് കൾച്ചർ സീനിയർ അഡ്വൈസർ (പബ്ലിക്ക് റിലേഷൻസ്) ഡോ.റ്റി.എസ്.സോമനാഥൻ വിവാഹജീവിതം നയിക്കാൻ പോകുന്ന വധൂവരൻമാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് സംസാരിച്ചു. ആർക്കും അധികാരം കിട്ടാത്ത പിതൃശുദ്ധി കർമ്മം ചെയ്യാൻ ഗുരുവിന് മാത്രമേ കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് ആദ്യമായി ഉണ്ടായിരിക്കണം. ജാതിരഹിത സമൂഹം, ജീവന്റെ പൊരുത്തം, ജീവിതാന്ത്യം വരെ വിവാഹിതർ ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള ഉറപ്പ് വരുത്തിയെടുക്കുക, വിട്ടുവീഴ്ചകൾക്ക് വിധേയരാകുക എന്നിവയാണ് ശാന്തിഗിരിയിലെ വിവാഹത്തിന്റെ പ്രത്യേതകൾ. ദീർഘവ്യാപകമായ ലോകത്തിന്റെ പരിണാമം അഥവാ മാറ്റമാണ് ഗുരുവിന്റെ ഉദ്ദേശ്യം. വ്യക്തിപരമായ മാറ്റം സമൂഹത്തിലേക്കും സമൂഹത്തിൽ നിന്ന് രാജ്യത്തിലേക്കും രാജ്യത്തിൽ നിന്ന് ലോകത്തിലേക്കും പ്രദാനം ചെയ്യത്തക്കവിധം സജ്ജരായിരിക്കണം വിവാഹജീവിതം നയിക്കുന്നവരെന്നും അദ്ദേഹം വ്യക്തമാക്കി.

ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഹെഡ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്ന കൗൺസിലിംഗിൽ കാലോചിതമായതും നവമായതുമായ ഒരു മാറ്റം വധൂവരൻമാർക്ക് ഉണ്ടാകണമെന്ന് വ്യക്തമാക്കിക്കൊണ്ട് ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം സീനിയർ കൺവീനർ എസ്.രാജീവ് സ്വാഗതം ആശംസിച്ചു. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം സീനിയർ കൺവീനർ വി.കെ.കോസല കൃതജ്ഞത രേഖപ്പെടുത്തി. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ വി.രഞ്ജിത, ഓഫീസ് അസിസ്റ്റന്റ് മാനേജർ ഡി.സുഹാസിനി എന്നിവർ പങ്കെടുത്തു. രാത്രി 9 മണിക്ക് സമാപിച്ച കൗൺസിലിംഗിൽ 15 പേർ പങ്കെടുത്തു.

Related Articles

Back to top button