IndiaLatest

കേന്ദ്ര ഭവനപദ്ധതിയിൽ കൂടുതൽപ്പേർക്ക് അവസരം

“Manju”

പാലക്കാട്‌ : പ്രധാൻമന്ത്രി ആവാസ് യോജന പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ കഴിഞ്ഞവർഷങ്ങളിൽ വിവിധ കാരണങ്ങളാൽ ഒഴിവായിപ്പോയവർക്ക് ആനുപാതികമായി പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ. നഗരപ്രദേശങ്ങളിൽ ഉള്ളവർക്കാണ് വീട് ലഭിക്കുക.

2016 മുതൽ 2022 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത്, 1,31,757 വീടുകൾ നിർമിക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. 1,11,902 വീടുകളുടെ നിർമാണം തുടങ്ങിയതിൽ ഇതിനോടകം 84,022 വീടുകൾ നിർമിച്ചുകഴിഞ്ഞു. ശേഷിക്കുന്നവരിൽ വിവിധ കാരണങ്ങളാൽ വീടുനിർമാണം തുടങ്ങി പാതിവഴിയിൽ അവസാനിപ്പിച്ചവരുണ്ട്. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വീടുനിർമിക്കാൻ കഴിയില്ലെന്ന കാരണത്താൽ സ്വമേധയാ ഒഴിവായിപ്പോയവരും ഏറെയാണ്. സ്ഥലരേഖയിലെ പ്രശ്നങ്ങളാൽ ഒഴിവായവരും മറ്റുപദ്ധതികൾപ്രകാരം വീട് ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിൽ പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽനിന്ന് ഒഴിവായവരുടെ കണക്കിന് ആനുപാതികമായി പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പട്ടിക പുതുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതോടൊപ്പം ഒഴിവായവരുടെ കണക്കുമെടുത്തായിരിക്കും ഡി.പി.ആർ. തയ്യാറാക്കുക. അതത് നഗരസഭകളുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും.

നേരത്തേനൽകിയ അപേക്ഷകൾപ്രകാരം ലൈഫ് ഭവനപദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടവരെയാണ് പ്രധാനമായും പുതിയവീടുകൾക്കായി പരിഗണിക്കുക. ലൈഫ് മിഷന്റെ ‘ഭൂരഹിത ഭവനരഹിത’ പദ്ധതിയിയിൽ ഉൾപ്പെട്ടവരിൽ ഇപ്പോൾ നഗരപ്രദേശങ്ങളിൽ ഭൂമി ലഭ്യമായിട്ടുള്ളവരും പട്ടികയിൽ ഉൾപ്പെടും. എല്ലാവരെയും മുൻഗണനാക്രമത്തിലായിരിക്കും പരിഗണിക്കുക. നിലവിലുള്ള പട്ടിക പൂർത്തിയായ നഗരസഭകളുണ്ടെങ്കിൽ ഇവർക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കാം.

Related Articles

Back to top button