KeralaLatest

ആത്മീയവെളിച്ചം പകരാൻ ശാന്തിഗിരി ഗുരുസ്ഥാനീയ വയനാട്ടിലേക്ക്

ദീപ്തസ്മരണകളുണർത്തി വയനാട്ടിലേക്ക് വീണ്ടുമൊരു തീർത്ഥയാത്ര

“Manju”

വയനാട് : ആത്മീയവഴിയിൽ ഭക്തർക്ക് പുതുഅനുഭവങ്ങൾ സമ്മാനിക്കാനും നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ തീർത്ഥയാത്രകളുടെ സ്മരണകളുണർത്താനും ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി വയനാട്ടിലെത്തുന്നു.

വർഷങ്ങൾക്ക് ശേഷം ഗുരുസ്ഥാനീയ ശിഷ്യപൂജിത വയനാട്ടിലെത്തുമ്പോൾ ഗുരുഭക്തർക്ക് അത് ആത്മനിർവൃതിയുടെയും സമർപ്പണത്തിൻ്റെയും ദിനങ്ങളാകും സമ്മാനിക്കുക. 2005 ജൂണിലാണ് നേരത്തെ ശിഷ്യപൂജിത ഇവിടം സന്ദർശിച്ചത്.

ശാന്തിഗിരി ആശ്രമത്തിൻ്റെ വാക്കും വഴിയും ശിഷ്യപൂജിതയാണ്. അപൂർവ്വം അവസരങ്ങളിൽ പ്രധാനപ്പെട്ട തീർത്ഥയാത്രകൾക്ക് മാത്രമെ ശിഷ്യപൂജിത ആശ്രമത്തിൽ നിന്നും പുറത്ത് പോകാറുള്ളൂ. ദിവസവും തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തുന്ന ആയിരകണക്കിന് ഗുരുഭകതർക്ക് ആത്മീയ സാന്ത്വനമായി ശിഷ്യപൂജിത നിലകൊള്ളുന്നു.

ഗുരുവിൻ്റെ തീർത്ഥയാത്രകൾ നാടിന് പുണ്യം പകരുമെന്നാണ് ഗുരുഭക്തരുടെ വിശ്വാസം. ആരാധനാലയങ്ങളോ ഋഷിവര്യന്മാർ തപസ്സനുഷ്ഠിച്ച സ്ഥലങ്ങളോ, മഹത്തുക്കൾ പിറവി കൊണ്ടതോ, സമാധിയടഞ്ഞതോ ആയ സ്ഥലങ്ങളോ ആണ് തീർത്ഥയാത്രകൾക്കായി തെരഞ്ഞെടുക്കുന്നത്.

ഗുരുവുമായി ജന്മാന്തരബന്ധമുളള കർമ്മഭൂമിയാണ് വയനാട് എന്നാണ് ദർശനപ്പൊരുൾ. സുൽത്താൻബത്തേരിയിലും സമീപപ്രദേശങ്ങളിലുമുളള പൊതുജനങ്ങൾക്ക് ശിഷ്യപൂജിതയെ ദർശിക്കാനുളള അവസരം കൂടിയാണ് തീർത്ഥയാത്രയിലൂടെ കൈവരുന്നത്.

ഏപ്രിൽ 4 ന് കേന്ദ്രാശ്രമത്തിൽ നിന്നും യാത്ര പുറപ്പെട്ട് തിരുവനന്തപുരത്ത് നിന്നും വിമാനമാർഗ്ഗം കണ്ണൂരിലെത്തുന്ന ശിഷ്യപൂജിതയോടോപ്പം ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും നൂറോളം സന്ന്യാസി സന്ന്യാസിനിമാരും തീർത്ഥയാത്രയിൽ അനുഗമിക്കുന്നുണ്ട്. തീർത്ഥയാത്രസംഘം വൈകുന്നേരം 6 മണിക്ക് സുത്താൻ ബത്തേരിയിലെത്തും. നമ്പ്യാർകുന്നിൽ എത്തിച്ചേരുന്ന ശിഷ്യപൂജിതയെ സന്ന്യാസിമാരും ഗുരുഭക്തരും നാട്ടുകാരും പൂർണ്ണകുംഭം നൽകി സ്വീകരിക്കും. ആശ്രമത്തിലെത്തുന്ന ശിഷ്യപൂജിത ദർശനമന്ദിരത്തിൽ വിശ്രമിക്കും.

ഏപ്രിൽ 5ന് രാവിലെ 9 മണിക്ക് പ്രാർത്ഥനാലയത്തിൽ പ്രതിഷ്ഠാ പൂർത്തീകരണം കർമ്മം നടക്കും. പാരമ്പര്യ വാദ്യഘോഷങ്ങളുടെയും ആദിവാസി കലകളുടേയും പശ്ചാത്തലത്തിൽ, വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ കണ്ഠങ്ങളില്‍ നിന്നും അഖണ്ഡ മന്ത്രാക്ഷരങ്ങള്‍ ഉയരുന്ന പ്രാർത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലാണ് പ്രതിഷ്ഠാപൂർത്തീകരണം നടക്കുന്നത്. തുടര്‍ന്ന് ഗുരുദര്‍ശനം. ആശ്രമ ചടങ്ങുകള്‍ക്ക് ശേഷം നടക്കുന്ന സൗഹൃദസമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. നിർദ്ധനരായ ആദിവാസി കുടുംബങ്ങൾക്ക് നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് ചടങ്ങിൽ വിതരണം ചെയ്യും.

വൈകുന്നേരം 4 ന് നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 വ്യക്തികളെ ആദരിക്കും. വൈകിട്ട് 6 ന് ദീപപ്രദക്ഷിണം . രാത്രി 8 ന് പഴമയുടെ ഉത്സവമായി പാരമ്പര്യ വാദ്യഘോഷങ്ങൾ സമ്മേളിക്കുന്ന മ്യൂസിക് ഫ്യൂഷനും കലാപരിപാടികളും അരങ്ങേറും.
സുൽത്താൻബത്തേരി ആശ്രമത്തിലെ പ്രധാന ചടങ്ങുകൾക്ക് ശേഷം ഏപ്രിൽ 7 ന് തീർത്ഥയാത്രാസംഘം കോഴിക്കോട് കക്കോടി ബ്രാഞ്ചാശ്രമത്തിലേക്ക് തിരിക്കും.

Related Articles

Back to top button