IndiaLatest

പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കും, സമിതിയെ നിയോഗിച്ചു

“Manju”


ന്യൂഡല്‍ഹി: പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയിലാണ് അറിയിച്ചത്.

ഈ വര്‍ഷത്തെ ധനകാര്യ ബില്‍ ലോക്സഭയുടെ പരിഗണനയ്ക്കും പാസാക്കുന്നതിനുമായി നീക്കുന്നതിനിടെ, ദേശീയ പെന്‍ഷന്‍ സംവിധാനം(NPS) പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ധനമന്ത്രി പാര്‍ലമെന്റില്‍ സംസാരിച്ചത്. പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നം പരിശോധിക്കുന്നതിന് ധനകാര്യ സെക്രട്ടറിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക ഉത്തരവാദിത്തം നിലനിര്‍ത്തിക്കൊണ്ട് തന്നെ ജീവനക്കാരുടെ ആവശ്യകതയെ അഭിസംബോധന ചെയ്യുന്ന ഒരു സമീപനം വികസിപ്പിക്കാനാണ് നിര്‍ദേശിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധകമാകുന്ന തരത്തിലായിരിക്കും ഇതിന്റെ സമീപനംധനമന്ത്രി പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കിടെ നാല് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. അവസാനം ലഭിച്ചിരുന്ന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി സര്‍ക്കാരില്‍നിന്ന് ലഭിച്ചിരുന്ന പഴയ പെന്‍ഷന്‍ പദ്ധതി 2004-ല്‍ വാജ്‌പേയി സര്‍ക്കാരാണ് ഇല്ലാതാക്കിയത്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റമാണ് (എന്‍പിഎസ്) പകരമായി കൊണ്ടുവന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം ഇതിലേക്ക് മാറ്റികൊണ്ടാണ് എന്‍പിഎസ്.

എന്‍പിഎസിനെതിരെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങള്‍ തങ്ങള്‍ പഴയ പെന്‍ഷനിലേക്ക് മടങ്ങുകയാണെന്ന് ഇതിനോടകം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സമരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരും കഴിഞ്ഞ ആഴ്ച പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

എല്ലാ സംസ്ഥാനങ്ങളും പഴയ പദ്ധതിയിലേക്ക് മാറുകയാണെങ്കില്‍ മൊത്തം പെന്‍ഷന്‍ ബാധ്യതകളുടെ മൂല്യം 31.04 ലക്ഷം കോടി രൂപയായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുന്നത് ഭാവിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button