KeralaLatest

വയനാട്ടില്‍ കാട്ടാന ആക്രമണം; ജീവനെടുത്തത് വീടിന്റെ ഗേറ്റ് തകര്‍ത്തെത്തി

“Manju”

മാനന്തവാടി: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ട്രാക്ടര്‍ ഡ്രൈവര്‍ പടമല ചാലിഗദ്ദ പനച്ചിയില്‍ അജിഷ് (47) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പുല്ലരിയാന്‍ പോയപ്പോള്‍ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും ആന പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലേക്ക് അജീീഷ് മതില്‍ ചാടി കടന്നെങ്കിലും പിന്നാലെ എത്തിയ ആന ഗേറ്റ് പൊളിച്ച് കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്. കര്‍ണാടകയില്‍ നിന്ന് പിടിച്ച് റേഡിയോകോളര്‍ ഘടിപ്പിച്ച് വിട്ട ഈ ആന മാസങ്ങള്‍ക്കു മുമ്പ് വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് ഡിവിഷനിലും എത്തിയതായി സ്ഥിരീകരിച്ചിരുന്നു. നോര്‍ത്ത് വയനാട് വനം ഡിവിഷനുകള്‍ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ. അജിഷിന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പിന്റെ വീഴ്ചകള്‍ ഉയര്‍ത്തി നട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

പുലര്‍ച്ചെ ആന ജനവാസമേഖയില്‍ ഇറങ്ങിയതായി റേഡിയോ കോളര്‍ വഴി നിരീക്ഷിച്ചപ്പോള്‍ വ്യക്തമായിരുന്നു. വനപാലകര്‍ കാട്ടാനയെത്തുരത്തി വനത്തോട് അടുത്ത ചാലിഗദ്ദ വരെ എത്തിച്ചിരുന്നു. തണ്ണീര്‍ക്കൊമ്പനൊപ്പം തുറന്നുവിട്ട കാട്ടാന വയനാാട്ടിലുണ്ടെന്ന് കഴിഞ്ഞ ദിവസ,ം സി സി എഫ് വ്യക്തമാക്കിയിരുന്നു. റേഡിയോ കോളറിന്റെ ആന്റിനയും റിസീവറും ആവശ്യപ്പെട്ട് കേരള വനംവകുപ്പ് കര്‍ണാടകത്തിന് കത്തയച്ചിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് വഴി ട്രാക്ക് ചെയ്യുന്ന യൂസര്‍ ഐഡിയും പാസ്വേഡും മാത്രമായിരുന്നു കര്‍ണാടക നല്‍കിയത്. ഇതില്‍ പലപ്പോഴും വൈകിയായിരുന്നു സിഗ്‌നല്‍ ലഭിച്ചിരുന്നത്.

Related Articles

Back to top button