LatestThiruvananthapuram

ആണ്‍-പെണ്‍ കുട്ടികള്‍ തമ്മിലുള്ള തുല്യത ഉറപ്പു വരുത്തണം

“Manju”

തിരുവനന്തപുരം: പഠനത്തിലും വേഷത്തിലും ഭക്ഷണത്തിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള തുല്യത ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. തൈക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹയര്‍സെക്കണ്ടറി ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണ്‍-പെണ്‍ കുട്ടികള്‍ക്കായി പ്രത്യേകം സ്‌കൂളുകള്‍ തുടരേണ്ടതുണ്ടോയെന്ന് സമൂഹം ചിന്തിക്കണമെന്നും ഒരു പെണ്‍കുട്ടി പോലും അവസര നിഷേധത്തിന് ഇരയാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ലിംഗസമത്വം, അതിജീവനം, മാനവികത, മതേതരത്വം, ആരോഗ്യ പരിപാലനം, നിയമ ബോധവത്ക്കരണം, രാഷ്ട്രബോധം, സാങ്കേതിക മികവ്, തൊഴില്‍ സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുന്ന പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഫ്ബി ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഹയര്‍സെക്കണ്ടറി ബഹുനില മന്ദിരം പണികഴിപ്പിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ, വൈദ്യുതീകരിച്ച കെട്ടിടത്തില്‍ 11 ക്ലാസ് മുറികളും സയന്‍സ്- കംമ്പ്യൂട്ടര്‍ ലാബുകളും സ്റ്റാഫ് റൂമും ആധുനിക രീതിയിലുള്ള ശുചിമുറികളും ഭിന്നശേഷി സൗഹൃദ റാമ്പുകളും ഒരുക്കിയിട്ടുണ്ട്.
അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലായി മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന തൈക്കാട് സ്‌കൂളില്‍ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടെ സ്ഥലപരിമിതിയ്ക്ക് പരിഹാരമായിരിക്കുകയാണ്. കെട്ടിടനിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച വാപ്‌കോസിനും നിര്‍മ്മാണ ചുമതല നിര്‍വഹിച്ച ഹെയര്‍ കണ്‍സ്ട്രക്ഷന്‍സിനും ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി.

ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. കെ സജീവ്, വൈസ് പ്രിന്‍സിപ്പാള്‍ എന്‍. സന്തോഷ് , മറ്റ് അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button