KeralaLatest

കൊട്ടിയൂരില്‍ പിടികൂടിയ കടുവയെ ആറളത്ത് തുറന്ന് വിടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍; പ്രതിഷേധം

“Manju”

കണ്ണൂര്‍: കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ ആരോഗ്യപരിശോധനയ്ക്ക്കായി തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കും. ആരോഗ്യവാനാണ് എന്ന് ബോധ്യപ്പെട്ടാല്‍ ആറളത്ത് തന്നെ തുറന്ന് വിടുമെന്ന് കണ്ണൂര്‍ ഡിഎഫ്ഒ കാര്‍ത്തിക് പറഞ്ഞു. നിലവില്‍ കടുവ പൂര്‍ണ ആരോഗ്യവാനാണ്. ഒന്നുകൂടി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തുടര്‍ നടപടി. എന്നാല്‍ കടുവയെ ആറളം വന്യജീവി സങ്കേതത്തില്‍ തുറന്നു വിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കടുവയെ ആറളത്ത് തുറന്ന് വിടാന്‍ അനുവദിക്കില്ലെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു. നാട്ടുകാര്‍ വാഹനം തടയുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. കടുവയെ എവിടെയാണ് തുറന്നു വിടുന്നതെന്ന് അറിയിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധക്കാരെ മാറ്റി കടുവയെ കയറ്റിയ വാഹനം കൊണ്ടുപോയി.

പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങി കിടന്ന കടുവയെ ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ കണ്ടത്. മയക്കുവെടിവെച്ചശേഷമാണ് കടുവയെ കൂട്ടിലാക്കിയത്. കടുവയുടെ കാലിന്റെ ഭാഗമാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചിരുന്നു.

 

Related Articles

Back to top button