KeralaLatestThiruvananthapuram

24 മണിക്കൂറും ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല.

“Manju”

എസ് സേതുനാഥ്

സംസ്ഥാനത്തു വ്യാപകമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കെ എസ് ഇ ബി യുടെ ജലസംഭരണികളിൽ ജലവിതാനം ഉയരുന്നുണ്ടെങ്കിലും 24 മണിക്കൂറും ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല.

ഇന്ന് (09.08.2020) കെ എസ് ഇ ബി യുടെ 18 അണക്കെട്ടുകളിലുമായി 2008.78എം സി എം ജലമാണ് ഒഴുകിയെത്തിയിട്ടുള്ളത്. ഇന്നലെ അത് 1898.6 എം സി എം ആയിരുന്നു. ഈ അണക്കെട്ടുകളുടെ ആകെ സംഭരണ ശേഷി 3532.5 എം സി എം ആണ്. ഇന്നത്തെ സ്ഥിതി അനുസരിച്ച് ആകെ സംഭരണ ശേഷിയുടെ 56.9 ശതമാനം ജലം മാത്രമാണ് കെ എസ് ഇ ബിയുടെ അണക്കെട്ടുകളിൽ ഉള്ളത്. വലിയ ജലസംഭരണികളായ ഇടുക്കിയിൽ 57.76ശതമാനവും ഇടമലയാറിൽ 50.75ശതമാനവും കക്കിയിൽ 56.67ശതമാനവും ബാണാസുരസാഗറിൽ 69.25ശതമാനവും ഷോളയാറിൽ 69.1ശതമാനവും ജലമാണുള്ളത്. മേൽപ്പറഞ്ഞ അണക്കെട്ടുകൾ പെരിയാർ, പമ്പ, ചാലക്കുടി, കുറ്റിയാടി, കബനി എന്നീ അഞ്ചു പ്രധാന നദികളിലായാണ് സ്ഥിതിചെയ്യുന്നത്.

നിലവിൽ, മുൻകരുതലിന്റെ ഭാഗമായി ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള പമ്പ ജലസംഭരണി പൂർണ സംഭരണ ശേഷി എത്തുന്നതിനു മുമ്പുതന്നെ തുറന്ന് ചെറിയ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിയിരിക്കുകയാണ്. ജലനിരപ്പ് 983.52 മീറ്റർ എത്തിയപ്പോഴാണ് ഡാം തുറന്നു വിട്ടത്. പമ്പ നദിയിൽ ജലനിരപ്പ് അപകട നിലയെക്കാൾ താഴെയായപ്പോളാണ് ഇത്തരത്തിൽ ചെറിയ തോതിൽ ഡാം തുറന്നത് എന്നതും ശ്രദ്ധേയമാണ്. ജലനിരപ്പ് 982മീറ്ററിൽ എത്തുമ്പോൾ ഡാം ഷട്ടറുകൾ അടയ്ക്കും. നിലവിൽ പമ്പാ നദിയിൽ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടില്ല.

ശക്തമായ മഴ മുന്നിൽ കണ്ടുകൊണ്ടാണ് ഡാമുകളിൽ ഉചിതമായ രീതിയിൽ വെള്ളം ക്രമീകരിച്ചിരിക്കുന്നത്. വൈദ്യുതിബോർഡിന്റെ അണക്കെട്ടുകളും ജലസംഭരണികളും ഇല്ലായിരുന്നുവെങ്കിൽ ഇതിലും വലിയ തോതിലുള്ള ജലപ്രവാഹം നദികളിലുണ്ടായേനെ. അതു വലിയ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തേനെ. യഥാർത്ഥത്തിൽ, ശാസ്ത്രീയമായ ജലപരിപാലനം വഴി പ്രളയം വരുത്തുന്ന വിനകൾ ഒഴിവാകുകയാണ് ചെയ്യുന്നത്

Related Articles

Back to top button