KeralaLatest

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടവേള; രാഹുല്‍  വയനാട്ടിലേക്ക് തിരിച്ചു; വന്യമൃഗ ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കും

“Manju”

കല്‍പറ്റ: രാഹുല്‍ ഗാന്ധി എം പി ഇന്ന് വയനാട്ടില്‍ എത്തും. വന്യമൃഗ ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കും. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലുപേരാണ് ജീവന്‍ വെടിഞ്ഞത്. ഈ മാസം 10 തീയതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയില്‍ അജീഷിന്റെ വീട് രാഹുല്‍ സന്ദര്‍ശിക്കും. അതിനു ശേഷം കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ വീട് സന്ദര്‍ശിക്കും. ഒരു മാസം മുന്‍പ് കടുവയുടെ ആക്രമണത്തില്‍ മരിച്ച വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും സന്ദര്‍ശിക്കും.

വലിയ വന്യമൃഗ ആക്രമണങ്ങളെ തുടര്‍ന്ന് ജനങ്ങളുടെ ജീവന്‍ നഷ്ടമായിട്ടും വയനാട് ലോക്‌സഭ എംപി മണ്ഡലം സന്ദര്‍ശിച്ചില്ലെന്ന വിമര്‍ശനം ഉണ്ടായിരുന്നു. ഉച്ചയോടു കൂടി ഹെലികോപ്റ്റര്‍മാര്‍ഗ്ഗം കല്‍പ്പറ്റയില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുല്‍ അവിടെ നിന്ന് ഡല്‍ഹിക്ക് മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്.

വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പുല്‍പ്പള്ളി പൊലീസ് കേസെടുത്തിരുന്നു. രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. ഐപിസി 283, 143,147,149 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞു വെച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Related Articles

Back to top button