IndiaLatest

കൈകളിൽ മുള്ളുവേദനയേറ്റ് പഠിച്ച തങ്കപ്പേച്ചി; ‘നീറ്റ്’ ജയിച്ചിട്ടും തിരിച്ചടി, വിളി കേട്ട് സ്റ്റാലിന്‍

“Manju”

മധുരയിലെ പനമൂപ്പൻപട്ടി ഗ്രാമത്തിൽ വെണ്ടയ്ക്ക കൃഷി നടത്തുന്ന കർഷത്തൊഴിലാളി കുടുംബത്തിലെ ഒരു പെൺകുട്ടിയെയായിരുന്നു തമിഴ്നാട്ടിൽ നീറ്റിനു വേണ്ടി ശ്രമിക്കുകയും പഠിക്കുകയും ചെയ്യുന്ന വിദ്യാർഥികളെല്ലാം ഈയിടെ മുഴുവൻ തിരഞ്ഞത്. നിർധനരായ കർഷകരുടെ നാലു പെൺമക്കളിൽ ഒരുവളായ 18 വയസ്സുകാരി എസ്.തങ്കപ്പേച്ചി ഒരു തവണയല്ല, തുടർച്ചയായി 2 തവണയാണു നീറ്റ് പരീക്ഷ പാസായത്. പക്ഷേ, ഡോക്ടർ കുപ്പായമെന്ന സ്വപ്നം അഴിച്ചു വച്ച് വീണ്ടും കൃഷിസ്ഥലത്തേക്കാണു തങ്കപ്പേച്ചി പോയത്.

കൈവിരലുകളിലെ മുറിവുകൾ : രോമത്തിനു സമാനമായ ചെറുമുള്ളുകളുടെ ഒരു ആവരണമുണ്ട് വെണ്ടച്ചെടികളിൽ. വിരലുകൾ ചേർത്ത് പിടിച്ച് വെണ്ടയ്ക്ക പിച്ചിയെടുക്കുന്നതാണ് ഇവരുടെ പതിവും ശീലവും. വെണ്ടയ്ക്ക പറിച്ചെടുക്കുമ്പോൾ ഉറപ്പായും വിരലുകൾ മുറിയും. തങ്കപ്പേച്ചിയുടെ വലതു കയ്യിൽ നോക്കിയാൽ കാണാം എല്ലാ വിരലുകളിലും തുണി ചുറ്റിയിരിക്കുന്നത്. ഈ വിരലുകളിലെ വേദന കടിച്ചമർത്തിയായിരുന്നു ആ പെൺകുട്ടി 2 തവണയും നീറ്റ് പരീക്ഷയെഴുതിയത്

വിക്രമമംഗലം ഗവ. കല്ലാർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയും ഏറ്റവും പിന്നോക്ക വിഭാഗത്തിൽ പെട്ട (എംബിസി) വിഭാഗത്തിൽപ്പെട്ടവളുമായ തങ്കപ്പേച്ചി ആദ്യ നീറ്റ് പരീക്ഷയ്ക്കു ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ 8 മാസത്തോളം പരീശിലനത്തിനു പോയി. തങ്കപ്പേച്ചിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ സ്ഥാപനം അരലക്ഷത്തോളം രൂപ ഫീസ് ഇളവും നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രണ്ടാം തവണ നീറ്റ് എഴുതി 256 മാർക്ക് നേടി നീറ്റ് യോഗ്യത നേടി.

എന്റെ മാതാപിതാക്കൾ ദിവസക്കൂലിക്കാരാണ്, ഞങ്ങളുടെ വരുമാനം കുറവാണ്. ഞാൻ സ്കൂളിൽ പോകുന്നതിനു മുൻപ് രാവിലെ കൃഷിയിടത്തിൽ ജോലി ചെയ്യും. അവധി ദിവസങ്ങളിൽ ദിവസക്കൂലിക്ക് ഞാൻ മുല്ലപ്പൂ പറിക്കാൻ അടുത്തുള്ള കൃഷി സ്ഥലങ്ങളിൽ പോകും. അവിടെ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഞാൻ നോട്ട്ബുക്കുകൾ വാങ്ങിയത്’.– തങ്കപ്പേച്ചി പറയുന്നു.

നാലു പെൺകുട്ടികൾ : തന്റെ പഠനചെലവിനുള്ള വക കൂടി കണ്ടെത്താനാണു തങ്കപ്പേച്ചി പിതാവിനൊപ്പം കൃഷി സ്ഥലത്തേക്കിറങ്ങിയത്. തന്റെയും സഹോദരമാരുടെയും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻതന്നെ പിതാവ് ഏറെ കഷ്ടപ്പെട്ടതായി തങ്കപ്പേച്ചി പറയുന്നു. ‘ഞങ്ങൾ 4 പെൺമക്കളാണ്. ചെറുപ്പം മുതലേ ഡോക്ടറാകണമെന്ന ആഗ്രഹം ഉണ്ടായിരുന്നതിനാൽ കഷ്ടപ്പെട്ടാണു പഠിച്ചത്. നിർഭാഗ്യവശാൽ, ഒരു സ്വകാര്യ മെഡിക്കൽ കോളജിലാണ് കഴിഞ്ഞ തവണ സീറ്റ് ലഭിച്ചത്. ഇതോടെ പഠനം തുടരാൻ കഴിഞ്ഞില്ല..’

ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ മാർക്കു നേടി. കന്യാകുമാരിയിലെ ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണു പ്രവേശനം ലഭിച്ചത്. എന്നാൽ, ഫീസ് സർക്കാർ വഹിക്കുമെങ്കിലും മറ്റു ചെലവുകൾക്കുള്ള പണം തനിക്കു കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെ രണ്ടാം തവണയും മെഡിസിൻ പഠനമെന്ന സ്വപ്നം തങ്കപ്പേച്ചി ഉപേക്ഷിച്ചു.

സർക്കാർ സംവരണം : സർക്കാർ സ്കൂളുകളിൽ പഠിച്ചു മുന്നോട്ടു വരുന്ന കുട്ടികൾക്കായി മെഡിസിൻ, എൻജിനീയറിങ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിൽ 7.5% സംവരണം മുൻ അണ്ണാഡിഎംകെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ പ്രവേശനം ലഭിക്കുന്നവരുടെ ട്യൂഷൻ ഫീസ് സർക്കാർ നൽകും. എന്നാൽ, തങ്കപ്പേച്ചിയുടെ ആശങ്ക, മറ്റുള്ള ചെലവുകൾ എങ്ങനെ കണ്ടെത്തുമെന്നതായിരുന്നു. ഹോസ്റ്റൽ ഫീസ്, യാത്രാചെലവ്, പുസ്തകങ്ങൾ, യൂണിഫോം അടക്കമുള്ളവയ്ക്കു വേണ്ടി വരുന്ന തുക കേട്ടതോടെ വീണ്ടും സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ച് തങ്കപ്പേച്ചി കൃഷിസ്ഥലത്തേക്കു തന്നെ പോയി. തന്റെ മകളുടെ ദുരവസ്ഥയിലും തനിക്കൊന്നും ചെയ്യാൻ സാധിക്കാത്തതിന്റെ നിരാശയിലും തങ്കപ്പേച്ചിയുടെ പിതാവ് പൊട്ടിക്കരഞ്ഞു.

പെൺകുട്ടികളെ വേണ്ടാത്ത ഗ്രാമം : മധുര ജില്ലയിൽ ഉസിലാംപ്പെട്ടി താലൂക്ക് ഒരു കാലത്ത് പെൺകുട്ടികളുടെ ശവപ്പറമ്പായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺശിശുഹത്യ നടക്കുന്ന ഇടമെന്ന പേരിലാണ് ഈ സ്ഥലം കുപ്രസിദ്ധമായത്. ജനിച്ചതു പെൺകുട്ടികളാണെന്ന് അറിഞ്ഞതു മുതൽ പല ബന്ധുക്കളും രഹസ്യമായി വന്നു കണ്ട് ആ കുട്ടികളെ കൊല്ലണമെന്നു പലതവണ പറഞ്ഞിരുന്നതായി തങ്കപ്പേച്ചിയുടെ പിതാവ് സന്നാസി പറയുന്നു. ‘ആളുകൾ പറയുന്നതൊന്നും ചെവികൊടുക്കാതെ ഞാൻ എന്റെ നാല് പെൺമക്കളെ പഠിപ്പിച്ചുകൊണ്ടിരുന്നു

എന്റെ പെൺമക്കളെ പിന്തുണയ്ക്കാൻ എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നു. അതുകൊണ്ടാണ് എന്റെ മകൾ ഇപ്പോൾ ഈ വിജയം നേടിയത്. ഇത് കാണുമ്പോൾ ഒരു വശത്ത് സന്തോഷവും മറുവശത്ത് ഉത്കണ്ഠയുമാണ് എനിക്കുള്ളത്. വെറും കൂലിപ്പണിക്കാരനായ എനിക്ക് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയില്ല. പെൺകുട്ടികളെ കൊല്ലണമെന്നു പറഞ്ഞവരുടെ മുന്നിൽ എന്റെ കുട്ടികളെ ഞാൻ അന്തസ്സായി വളർത്തിയിട്ടുണ്ട്. ഇനി എന്റെ മകൾ ഡോക്ടറായി സേവനം ചെയ്യാൻ കാത്തിരിക്കുകയാണു ഞാൻ’ – സന്നാസി പറയുന്നു

വിളി കേട്ട് സ്റ്റാലിൻ : തങ്കപ്പേച്ചിയുടെ അവസ്ഥ നേരിട്ടു ബോധ്യപ്പെട്ടതോടെ അടിയന്തര നടപടികൾക്കു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശം നൽകി. മധുര ജില്ലാ കലക്ടർ എസ്.അനീഷ് ശേഖർ നേരിട്ടു വീട്ടിലെത്തി തങ്കപ്പേച്ചിക്കും കുടുംബത്തിനും പൂർണ പിന്തുണ ഉറപ്പുനൽകി. കൂടാതെ, ഡോക്ടർ കുപ്പായവും സ്റ്റെതസ്കോപ്പും തങ്കപ്പേച്ചിയെ അണിയിച്ചതോടെ മാതാപിതാക്കളുടെ കണ്ണു നിറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ഡോ.ശരവണനും കുട്ടിയുടെ പഠന ചെലവുകൾക്കായി ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറി.

Related Articles

Check Also
Close
Back to top button