InternationalLatest

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നീൽ വാഗ്നര്‍

“Manju”

ക്രൈസ്റ്റ്ചർച്ച്‌: ന്യൂസിലൻഡ് പേസർ നീല്‍ വാഗ്നർ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നിർണായക തീരുമാനം അറിയിക്കുന്ന വാർത്താസമ്മേളനത്തില്‍ 37-കാരൻ കണ്ണീരണിഞ്ഞു. കിവീസിനായി 67 ടെസ്റ്റ് കളിച്ചിട്ടുള്ള വാഗ്നർ റെഡ്ബോള്‍ ക്രിക്കറ്റിലെ അവരുടെ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനക്കാരനാണ്. 27 ശരാശരിയില്‍ 260 വിക്കറ്റുകളാണ് വാഗ്നർ നേടിയത്. ഇടം കൈയൻ ബൗളർ ടീമിലുണ്ടായിരുന്ന 64 മത്സരങ്ങളില്‍ 32ലും കിവീസിനൊപ്പമായിരുന്നു വിജയം. ഈ മത്സരങ്ങളില്‍ നിന്ന് മാത്രം 143 വിക്കറ്റുകളാണ് വാഗ്നർ നേടിയത്.

പരിശീലകൻ ഗ്യാരി സ്റ്റെഡുമായുള്ള ആശയ വിനിമയത്തിന് ശേഷമാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ താരത്തെ ടീമില്‍ പരിഗണിക്കില്ലെന്ന് കോച്ച്‌ വ്യക്തമാക്കിയിരുന്നു. സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വെല്ലിംഗ്ടണിലെ ആദ്യ മത്സരത്തില്‍ വാഗ്നറെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.ക്രൈസ്റ്റ് ചർച്ചിലെ രണ്ടാം ടെസ്റ്റിലും താരത്തെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പേസറുടെ പ്രഖ്യാപനം.

നിങ്ങള്‍ എല്ലാം നല്‍കിയ ഒരു ഗെയിമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുക എന്ന തീരുമാനം എടുക്കുന്നത് ഏറെ കഠിനമാണ്. എന്നാല്‍ മറ്റുള്ളവർക്ക് വേണ്ടി മാറിനില്‍ക്കാനുള്ള സമയമാണിത്. ടീമിനെ മുന്നോട്ട് പോകാൻ അതാണ് നല്ലത്. ടീമിലുണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ ഏറെ ആസ്വദിച്ചിരുന്നു. ടീമെന്ന നിലയില്‍ നമ്മള്‍ നേടിയതിനെല്ലാം അഭിമാനമുണ്ട്. എന്റെ കരിയറിലുണ്ടായ സൗഹൃദങ്ങളും ബന്ധങ്ങളുമാണ് ഞാൻ ഏറ്റവും വിലമതിക്കുന്നത്, ഒപ്പം കളിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ദക്ഷിണാഫ്രിക്കയിലായിരുന്നു വാഗ്നറുടെ ജനനം. പിന്നീട് കിവീസിലേക്ക് കുടിയേറിയ താരം 2008 മുതല്‍ ഒട്ടാഗോയില്‍ ആഭ്യന്തര ക്രിക്കറ്റിന് തുടക്കമിട്ടു. 2012ലാണ് താരം ബ്ലാക്ക് ക്യാപ്സിനായി അരങ്ങേറുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടർന്നും കളിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button